രണ്ട് ചിത്രങ്ങളും എത്തുക ഒരേ ദിവസം

ഇന്ത്യന്‍ സിനിമാ വ്യവസായത്തെ സംബന്ധിച്ച് ശ്രദ്ധേയ റിലീസ് സീസണുകളില്‍ ഒന്നാണ് സ്വാതന്ത്ര്യദിന വാരാന്ത്യം. ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് പോലും നിര്‍മ്മാതാക്കള്‍ ആഗ്രഹിക്കുന്ന റിലീസ് വാരാന്ത്യമാണ് ഇത്. ഇക്കുറി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഇന്‍ഡിപെന്‍ഡന്‍സ് ഡേ വീക്കെന്‍ഡ് ലക്ഷ്യമാക്കി തിയറ്ററുകളിലേക്ക് എത്തുന്നത്. രണ്ട് ചിത്രങ്ങളും പാന്‍ ഇന്ത്യന്‍ റിലീസ്. ഹൃത്വിക് റോഷനെയും ജൂനിയര്‍ എന്‍ടിആറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത ഹിന്ദി ചിത്രം വാര്‍ 2, രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി എന്നിവയാണ് ആ ചിത്രങ്ങള്‍. രണ്ട് ചിത്രങ്ങളും ഒരേ ദിവസമാണ് തിയറ്ററുകളില്‍ എത്തുന്നത്. ഓഗസ്റ്റ് 14 ന്. രണ്ട് ഭാഷകളില്‍ നിന്ന് എത്തുന്ന ചിത്രങ്ങളാണെങ്കിലും രണ്ടും പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമാക്കിയാണ് എത്തുന്നത്. അതിനാല്‍ത്തന്നെ ബോക്സ് ഓഫീസില്‍ ഒരു മത്സരവും അരങ്ങേറുമെന്ന് ഉറപ്പാണ്. ചിത്രങ്ങളുടെ റിലീസിന് മുന്‍പേ അത് ആരംഭിച്ചിട്ടുമുണ്ട്. ചിത്രങ്ങളുടെ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍ എങ്ങനെയെന്ന് നോക്കാം.

അഡ്വാന്‍സ് ബുക്കിംഗില്‍ വാര്‍ 2 നേക്കാള്‍ ബഹുദൂരം മുന്നിലാണ് കൂലി. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം വാര്‍ 2 ഇന്ത്യയില്‍ നിന്ന് അഡ്വാന്‍സ് ബുക്കിംഗിലൂടെ ഇതുവരെ നേടിയിരിക്കുന്നത് 4.95 കോടിയാണ്. ബ്ലോക്ക്ഡ് സീറ്റുകള്‍ കൂടി പരിഗണിച്ചാല്‍ 9.47 കോടി. അതേസമയം കൂലി ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 20.8 കോടിയാണ്. ബ്ലോക്ക്ഡ് സീറ്റുകള്‍ കൂടി പരിഗണിച്ചാല്‍ 27.34 കോടി. അതായത് വാര്‍ 2 ന്‍റെ 3 ഇരട്ടി.

ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ഈ രീതിയില്‍ തന്നെയാണ് ട്രെന്‍ഡ്. ഓവര്‍സീസിലെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നായ നോര്‍ത്ത് അമേരിക്കയിലെ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് അവിടെ കൂടുതല്‍ തിയറ്ററുകള്‍ വാര്‍ 2 ന് ആണ്. 770 തിയറ്ററുകള്‍. കൂലിക്ക് ലഭിച്ചിരിക്കുന്നത് 535 തിയറ്ററുകളും. എന്നാല്‍ കളക്ഷനില്‍ വാര്‍ 2 നേക്കാള്‍ നാലിരട്ടിയോളമാണ് കൂലി നേടിയിരിക്കുന്നത്. കൂലി 2 മില്യണ്‍ മറികടന്ന് 2.09 മില്യണ്‍ ഡോളറില്‍ (18 കോടി രൂപ) എത്തിയിട്ടുണ്ടെങ്കില്‍ വാര്‍ 2 നേടിയിരിക്കുന്നത് 5.25 ലക്ഷം ഡോളര്‍ (4.6 കോടി രൂപ) ആണ്. ഇനി ചിത്രങ്ങളുടെ ആദ്യ ദിവസത്തെ അഭിപ്രായമാണ് അറിയാനുള്ളത്. അത് എങ്ങനെ വരുമെന്നത് പിന്നീടുള്ള ബോക്സ് ഓഫീസ് പ്രകടനത്തെ ഉറപ്പായും സ്വാധീനിക്കും.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News