ആഗോള ബോക്സ് ഓഫീസില്‍ 'കാന്താര ചാപ്റ്റര്‍ 1' ന്‍റെ കളക്ഷന്‍ റെക്കോര്‍ഡ് മറികടന്ന ചിത്രം 852 കോടിയിലധികം നേടി. 

ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു ഇത്. വിവിധ ഭാഷകളിലായി നിരവധി ജനപ്രിയ ചിത്രങ്ങള്‍ എത്തിയ വര്‍ഷം. അതിന്‍റെ കോടിക്കിലുക്കം ബോക്സ് ഓഫീസിലും ഉണ്ടായിരുന്നു. മലയാള സിനിമയെ സംബന്ധിച്ചും പ്രധാനപ്പെട്ട വര്‍ഷമായിരുന്നു ഇത്. ഒരു മലയാള ചിത്രം ആദ്യമായി 300 കോടി ക്ലബ്ബില്‍ എത്തി, ലോകയിലൂടെ. ഇപ്പോഴിതാ വര്‍ഷം അവസാനിക്കാന്‍ വെറും 9 ദിനങ്ങള്‍ മാത്രം ശേഷിക്കെ ഒരു പ്രധാന റെക്കോര്‍ഡിന് ഒരു പുതിയ അവകാശി എത്തിയിരിക്കുകയാണ്. ഈ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രം എന്ന റെക്കോര്‍ഡിനാണ് പുതിയ അവകാശിയായി ഒരു ചിത്രം എത്തിയിരിക്കുന്നത്.

ആദിത്യ ധറിന്‍റെ സംവിധാനത്തില്‍ രണ്‍വീര്‍ സിംഗ് നായകനായ സ്പൈ ആക്ഷന്‍ ത്രില്ലര്‍ ധുരന്ദര്‍ ആണ് ആ റെക്കോര്‍ഡിന് അര്‍ഹമായിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം കാന്താര ചാപ്റ്റര്‍ 1 നെ മറികടന്നാണ് ധുരന്ദര്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കാന്താര ചാപ്റ്റര്‍ 1 ന്‍റെ നേട്ടം 852.31 കോടിയാണ്. അവരുടെ കണക്ക് പ്രകാരം ധുരന്ദര്‍ ഇതുവരെ നേടിയിരിക്കുന്നത് 852.71 കോടിയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള സംഖ്യയാണ് ഇത്.

എന്നാല്‍ നിര്‍മ്മാതാക്കളായ ജിയോ സ്റ്റുഡിയോസ് നല്‍കുന്ന കണക്ക് അല്‍പം കൂടി ഉയര്‍ന്നതാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 17 ദിവസം കൊണ്ട് ചിത്രം 870.36 കോടി നേടിയതായാണ് അവര്‍ അറിയിക്കുന്നത്. എന്തായാലും ഒന്ന് ഉറപ്പാണ്. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം എന്ന നേട്ടം ഇതിനകം ധുരന്ദര്‍ സ്വന്തം പേരില്‍ ആക്കിയിട്ടുണ്ട്. ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക് അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ആദിത്യ ധര്‍ ആണ് ധുരന്ദറിന്‍റെ സംവിധായകന്‍. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സാറ അര്‍ജുന്‍ ആണ് നായിക. ദി റാത്ത് ഓഫ് ഗോഡ് എന്ന കോഡ് നെയിമില്‍ അറിയപ്പെടുന്ന ഒരു ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍റ് ആയാണ് രണ്‍വീര്‍ ചിത്രത്തില്‍ എത്തുന്നത്. ഐഎസ്ഐ ഓഫീസര്‍ മേജര്‍ ഇഖ്ബാല്‍ എന്ന കഥാപാത്രമായാണ് അര്‍ജുന്‍ രാംപാല്‍ എത്തുന്നത്. ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

Asianet News Live | Malayalam News Live | Live Breaking News l Kerala News | HD Live News Streaming