ഹോളിവുഡ് സിനിമകള്‍ക്ക് ഉറപ്പുള്ള മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഇന്ന് ഇന്ത്യ. പ്രധാന റിലീസുകളെല്ലാം നിര്‍മ്മാതാക്കള്‍ക്ക് നിരാശയുണ്ടാക്കാത്ത തരം ബോക്‌സ്ഓഫീസ് കളക്ഷനാണ് ഇന്ത്യയില്‍ നിന്ന് നേടിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ തീയേറ്ററുകളിലെത്തിയ 'സ്‌പൈഡര്‍മാന്‍; ഫാര്‍ ഫ്രം ഹോ'മും 'ലയണ്‍ കിംഗു'മൊക്കെ ഇന്ത്യയിലെ തീയേറ്ററുകളില്‍ നിന്നും നേട്ടമുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ഈ വാരം പ്രദര്‍ശനത്തിനെത്തിയ 'ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്: ഹോബ്‌സ് ആന്‍ഡ് ഷോ'യും ഇന്ത്യയിലെ ആദ്യദിന കളക്ഷനില്‍ മുന്നിലാണ്.

ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി ചിത്രം ആദ്യദിനം നേടിയത് 13.15 കോടിയാണ്. ഈ വര്‍ഷത്തെ ഹോളിവുഡ് റിലീസുകളുടെ ഇന്ത്യയിലെ ആദ്യദിന കളക്ഷനില്‍ രണ്ടാമതെത്തി ചിത്രം. 'അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം' ആണ് ഒന്നാമത്. 53.60 കോടിയാണ് ചിത്രം ഇന്ത്യയിലെ തീയേറ്ററുകളില്‍ നിന്ന് റിലീസ് ദിനത്തില്‍ നേടിയത്.

'ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്' സിരീസിന്റെ സ്പിന്‍ ഓഫ് ചിത്രമാണ് 'ഹോബ്‌സ് ആന്‍ഡ് ഷോ'. എട്ട് ഭാഗങ്ങളായി ഇതിനുമുന്‍പ് പുറത്തിറങ്ങിയിട്ടുള്ള 'ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസി'ന്റെ ആദ്യ സ്പിന്‍ ഓഫുമാണ് 'ഹോബ്‌സ് ആന്‍ഡ് ഷോ'. ഡേവിഡ് ലെയ്ത്ത് ആണ് സംവിധാനം.