വര്‍ഷം ആദ്യ പകുതി പിന്നിടുമ്പോള്‍ ഇന്ത്യന്‍ ബോക്സ് ഓഫീസിലെ ടോപ്പ് 10

കൊവിഡ് കാലം സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യന്‍ സിനിമ കഴിഞ്ഞ വര്‍ഷം തന്നെ കരകയറിയിരുന്നു. ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഭൂരിപക്ഷത്തിനും പഴയ മട്ടിലുള്ള വിജയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നില്ലെങ്കിലും അവിടെ വിജയ ചിത്രങ്ങള്‍ സംഭവിക്കുന്നുണ്ട്. മുന്‍നിര താരങ്ങള്‍ വലിയ പരാജയങ്ങള്‍ നേരിടേണ്ടിവന്ന മറ്റൊരു ഇന്‍ഡസ്ട്രി കോളിവുഡ് ആണ്. മലയാളത്തെ സംബന്ധിച്ച് മോഹന്‍ലാലിലൂടെ വലിയ കളക്ഷന്‍ നേടിയ വര്‍ഷമാണ് ഇത്. രാജ്യമൊട്ടാകെ സിനിമാപ്രേമികള്‍ ബോക്സ് ഓഫീസ് കളക്ഷന്‍ കൂടുതലായി ശ്രദ്ധിക്കുന്ന കാലമാണ് ഇത്. ഇപ്പോഴിതാ ഈ വര്‍ഷം ആദ്യ പകുതി പിന്നിടുമ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ ഏതൊക്കെയെന്ന ലിസ്റ്റ് ആണ് ചുവടെ. പതിവിന് വിപരീതമായി മോളിവുഡ് സാന്നിധ്യമാണ് ലിസ്റ്റിലെ പ്രത്യേകത. ഒന്നല്ല, രണ്ട് ചിത്രങ്ങളുണ്ട് അര്‍ധവാര്‍ഷിക കണക്കെടുപ്പിലെ ആദ്യ പത്തില്‍ മലയാളത്തില്‍ നിന്ന്.

ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ ഏറ്റവും കളക്ഷന്‍ നേടിയ പത്ത് ചിത്രങ്ങളില്‍ അഞ്ചെണ്ണം ബോളിവുഡില്‍ നിന്നാണ്. മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നും രണ്ട് ചിത്രങ്ങള്‍ വീതം. തമിഴില്‍ നിന്ന് ഒരു സിനിമയും ഇടംപിടിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനത്ത് ബോളിവുഡ് ചിത്രം ഛാവയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 807.88 കോടിയാണ് ചിത്രം നേടിയത്. രണ്ടാം സ്ഥാനത്തും മറ്റൊരു ബോളിവുഡ് ചിത്രമാണ്. അക്ഷയ് കുമാറും അഭിഷേക് ബച്ചനും റിതേഷ് ദേശ്മുഖും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൗസ്‍ഫുള്‍ 5. 288.1 കോടിയാണ് ചിത്രത്തിന്‍റെ ഇതുവരെയുള്ള കളക്ഷന്‍.

3, 4, 5 സ്ഥാനങ്ങളില്‍ തെന്നിന്ത്യന്‍ ചിത്രങ്ങളാണ്. മൂന്നാം സ്ഥാനത്ത് മോഹന്‍ലാലിന്‍റെ മലയാള ചിത്രം എമ്പുരാന്‍. നാലാമത് വെങ്കടേഷ് നായകനായ തെലുങ്ക് ചിത്രം സംക്രാന്തികി വസ്തുനവും അഞ്ചാമത് അജിത്ത് കുമാറിന്‍റെ തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലിയും. എമ്പുരാന്‍ 265.5 കോടിയും സംക്രാന്തികി വസ്തുനം 255.2 കോടിയും ഗുഡ് ബാഡ് അഗ്ലി 246.15 കോടിയുമാണ് നേടിയത്. ആറാമത് അജയ് ദേവ്ഗണ്‍ നായകനായ ബോളിവുഡ് ചിത്രം റെയ്ഡ് 2 ആണ്. 237 കോടിയാണ് ചിത്രത്തിന്‍റെ നേട്ടം. ഏഴാം സ്ഥാനത്ത് വീണ്ടും മലയാളം. മോഹന്‍ലാല്‍ നായകനായ തുടരും ആണ് ചിത്രം. 234.5 കോടിയാണ് കളക്ഷന്‍.

എട്ടാമത് ആമിര്‍ ഖാന്‍റെ തിരിച്ചുവരവ് ചിത്രമായ സിതാരെ സമീന്‍ പര്‍. ഇപ്പോഴും തിയറ്ററുകളിലുള്ള ചിത്രം ഇതിനകം നേടിയത് 214.5 കോടിയാണ്. വന്‍ ബജറ്റില്‍ ഒരുങ്ങി പ്രേക്ഷകപ്രീതി നേടിയതില്‍ പരാജയപ്പെട്ട തെലുങ്ക് ചിത്രം ഗെയിം ചേഞ്ചര്‍ ആണ് ഒന്‍പതാം സ്ഥാനത്ത്. 186.25 കോടിയാണ് കളക്ഷന്‍. സല്‍മാന്‍ ഖാന്‍റെ ബോളിവുഡ് ചിത്രം സിക്കന്ദര്‍ ആണ് പത്താമത്. 184.6 കോടിയാണ് ആഗോള ഗ്രോസ്.

Asianet News Live | Malayalam News | Kerala News | Kottayam Medical College | ഏഷ്യാനെറ്റ് ന്യൂസ്