ഫാന്‍റസി ഗണത്തില്‍ ക്ലാസിക് ചിത്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന സിനിമ
ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയില്‍ തുടരുന്ന റീ റിലീസ് ട്രെന്‍ഡിന്‍റെ ഭാഗമായി ഇപ്പോഴും ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുന്നുണ്ട്. എന്നാല്‍ അവയില്‍ ചിലതിന് മാത്രമാണ് പ്രേക്ഷകരെ തിയറ്ററുകളിലേക്ക് എത്തിക്കാന്‍ കഴിയുക. വലിയ പ്രതീക്ഷയോടെ വീണ്ടും എത്തിക്കുന്ന ചില ചിത്രങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കാതെ അതിന്‍റെ നിര്‍മ്മാതാക്കളെ നിരാശരാക്കാറുണ്ട്. ഇപ്പോഴിതാ തെലുങ്ക് സിനിമയില്‍ നിന്നുള്ള ഒരു റീ റിലീസിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
ഫാന്‍റസി ഗണത്തില്‍ തെലുങ്കിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന ജഗഡെക വീരുഡു അതിലോക സുന്ദരി (ജെവിഎഎസ്) എന്ന ചിത്രമാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തിയറ്ററുകളില്‍ എത്തിയത്. കെ രാഘവേന്ദ്ര റാവുവിന്‍റെ സംവിധാനത്തില്‍ ചിരഞ്ജീവിയും ശ്രീദേവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 1990 ല്‍ തിയറ്ററുകളിലെത്തി മികച്ച വിജയം നേടിയ ഒന്നാണ്. തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ വൈജയന്തി മൂവീസിന്‍റെ ബാനറില്‍ സി അശ്വനി ദത്ത് നിര്‍മ്മിച്ച ചിത്രമാണിത്. ചിത്രത്തിന്‍റെ ബജറ്റിനേക്കാള്‍ കൂടുതല്‍ തുക റീ റിലീസുമായി ബന്ധപ്പെട്ട് ചെലവായെന്നാണ് അശ്വനി ദത്ത് പറഞ്ഞത്. 1990 ല്‍ പുറത്തിറങ്ങിയ സിനിമയുടെ ബജറ്റ് 2 കോടി ആയിരുന്നെങ്കില്‍ റീ റിലീസിന് വന്ന ചെലവ് 9 കോടി ആയിരുന്നു. തെലുങ്ക് പ്രേക്ഷകര്‍ക്ക് സുപരിചിതമായ ഈ ചിത്രത്തിന്‍റെ റീ റിലീസില്‍ ആദ്യ ദിനം ലഭിച്ച പ്രതികരണം നിര്‍മ്മാതാക്കള്‍ക്ക് പ്രതീക്ഷ ഉണ്ടാക്കുന്നതായിരുന്നു.
ഒന്നര കോടിയോളമാണ് റീ റിലീസ് ദിനത്തില്‍ ചിത്രം നേടിയത്. എന്നാല്‍ തുടര്‍ ദിനങ്ങളില്‍ കളക്ഷന്‍ കാര്യമായി ഇടിഞ്ഞു. അഞ്ചാം ദിനം ലഭിച്ചിരിക്കുന്നത് 20 ലക്ഷം രൂപ മാത്രമാണ്. ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് ചിത്രം അഞ്ച് ദിനങ്ങള്‍ കൊണ്ട് നേടിയിരിക്കുന്നത് 2.84 കോടിയാണ്. ഇതില്‍ തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് ചിത്രം നേടിയത് 2.3 കോടിയും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നേടിയിരിക്കുന്നത് 54 ലക്ഷവുമാണ്. രണ്ടാം വാരാന്ത്യം മുതല്‍ വലിയ അത്ഭുതങ്ങളൊന്നും നിര്‍മ്മാതാക്കള്‍ പോലും ബോക്സ് ഓഫീസില്‍ പ്രതീക്ഷിക്കുന്നില്ല. ചുരുക്കത്തില്‍ വൈജയന്തി മൂവീസിന് നേട്ടമുണ്ടാക്കാത്ത റീ റിലീസ് ആയിപ്പോയി ജഗഡെക വീരുഡു അതിലോക സുന്ദരി. ഒറിജിനല്‍ റിലീസ് സമയത്ത് 10 കോടിയിലേറെ കളക്റ്റ് ചെയ്ത്, ട്രെന്‍ഡ് സെറ്റര്‍ ആയി മാറിയ ചിത്രമാണിത്.


