വിജയ് നായകനായ 'ജനനായകൻ' എന്ന ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു

തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള വിജയ് സിനിമാ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ സജീവമാകുന്നുവെന്ന പ്രഖ്യാപനം കോളിവുഡിനെ സംബന്ധിച്ച് നിരാശ പകര്‍ന്ന ഒന്നായിരുന്നു. കാരണം ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് വിജയ് അത്രത്തോളം പ്രാധാന്യമുള്ള താരമായിരുന്നു. റിലീസ് ആറ് മാസത്തിനിപ്പുറത്ത് സംഭവിക്കുമ്പോള്‍ വിജയ് മുഖ്യമന്ത്രി കസേരയിലാണ് എന്നതും കൗതുകം. പൊങ്കല്‍ റിലീസ് ആയി ജനുവരി 9 ന് എത്തേണ്ടിയിരുന്ന ചിത്രം സെന്‍സര്‍ പ്രശ്നങ്ങളെത്തുടര്‍ന്ന് ഒടുവില്‍ ജൂലൈ 23 ന് ആണ് എത്തിയത്. ഈ ആറ് മാസത്തിനിടെ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പുറത്തിറങ്ങുകയും അത് വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും ചിത്രത്തിന്‍റെ കളക്ഷനെ ബാധിച്ചിട്ടില്ല. എന്തിന് ഉത്തരേന്ത്യയില്‍ പോലും ചിത്രം മികച്ച കളക്ഷനാണ് നേടുന്നത്.

തമിഴ് പതിപ്പ് റിലീസ് ചെയ്ത ദിവസം തന്നെ ജനനായകന്‍റെ ഹിന്ദി പതിപ്പും തിയറ്ററുകളില്‍ എത്തിയിരുന്നു. ജന്‍ നേതാ എന്നായിരുന്നു ഹിന്ദി പതിപ്പിന്‍റെ ടൈറ്റില്‍. ട്രാക്കര്‍മാര്‍ നല്‍കുന്ന കണക്ക് പ്രകാരം 10 ദിവസം കൊണ്ട് ജന്‍ നേതാ നേടിയ ഗ്രോസ് 19.86 കോടിയാണ്. നെറ്റ് കളക്ഷന്‍ ആവട്ടെ 16.48 കോടിയും. ശനിയാഴ്ച വെള്ളിയാഴ്ചത്തെ കളക്ഷനേക്കാള്‍ 33 ശതമാനം വളര്‍ച്ചയാണ് ചിത്രം രേഖപ്പെടുത്തിയത്. ഞായറാഴ്ചയായ ഇന്ന് ചിത്രം 20 കോടി കടക്കും. നാലര കോടിക്കാണ് ഹിന്ദി പതിപ്പിന്‍റെ റൈറ്റ്സ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം ഡിസ്ട്രിബ്യൂട്ടര്‍ക്ക് ലഭിച്ച ഷെയര്‍ 8.88 കോടിയാണ്. അതായത് ഇതിനകം തന്നെ ഹിന്ദി പതിപ്പ് ലാഭമാണ്.

നന്ദമുരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമാണിത്. തിരക്കഥയും സംവിധാനവും എച്ച് വിനോദ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് റിലീസ് പ്ലാന്‍ ചെയ്തിരുന്ന ചിത്രം സ്വാഭാവികമായും വിജയിന്‍റെ രാഷ്ട്രീയ നേട്ടത്തിന് ഉതകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ചിത്രം ഇപ്പോഴാണ് ഇറക്കാനായത് എന്നത് മറ്റൊരു കാര്യം. ഒടുവില്‍ ചിത്രം എത്തുമ്പോള്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രി കസേരയിലാണ് എന്നതും കൗതുകം. കന്നഡത്തിലെ പ്രമുഖ ബാനര്‍ ആയ കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | Kerala Rain