മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ജയസൂര്യ ചിത്രം 'ആട് 3' ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയിരിക്കുന്നു

കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കുവേണ്ടി എത്ര അധ്വാനിക്കാനും മടിയില്ലാത്ത താരമാണ് ജയസൂര്യ എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാവില്ല. എന്നാല്‍ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിനായി ഏതാനും വര്‍ഷങ്ങള്‍ മറ്റൊന്നും അദ്ദേഹത്തിന് ചെയ്യാന്‍ സാധിച്ചില്ല. ബി​ഗ് ബജറ്റ് ചിത്രം കത്തനാരിന് വേണ്ടി ആയിരുന്നു ആ ഇടവേള. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ ഒരു ജയസൂര്യ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ഇവിടെ വലിയ ആരാധകരുള്ള ഫ്രാഞ്ചൈസിയായ ആടിന്‍റെ മൂന്നാം ഭാ​ഗമാണ് അത്. പശ്ചിമേഷ്യന്‍ യുദ്ധമടക്കമുള്ള പ്രശ്നങ്ങള്‍ക്കിടയിലും പറഞ്ഞ സമയത്ത് തിയറ്ററുകളില്‍ ചിത്രം എത്തിക്കാനുള്ള തീരുമാനത്തില്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ നോട്ടമുണ്ടാക്കുകയാണ്. ഇതിനകം ജയസൂര്യയുടെ കരിയര്‍ ബെസ്റ്റ് കളക്ഷന്‍ നേടിയ ചിത്രം ബോക്സ് ഓഫീസിലെ പല ലിസ്റ്റുകളും അദ്ദേഹത്തെ മുന്നോട്ട് നീക്കി നിര്‍ത്തിയിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

ബോക്സ് ഓഫീസില്‍ കുതിച്ച് 'ആട് 3'

നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്ന കണക്കനുസരിച്ച് ആദ്യ നാല് ദിവസം കൊണ്ട് ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 87 കോടി ആയിരുന്നു. അഞ്ച് ദിവസം കൊണ്ട് ചിത്രം മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് കളക്ഷന്‍ നേടിയ ചിത്രത്തെ മറികടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായ ഭീഷ്മ പര്‍വ്വത്തിന്‍റെ ഫൈനല്‍ ​ഗ്രോസ് 88.10 കോടി ആയിരുന്നു. അഞ്ച് ദിവസം കൊണ്ടാണ് ആട് 3 ഭീഷ്മ പര്‍വ്വത്തെ കളക്ഷനില്‍ മറികടന്നിരിക്കുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആട് 3 ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം നേടിയിരിക്കുന്നത് 91.80 കോടിയാണ്. ഇതിലൂടെ മലയാളത്തിലെ എക്കാലത്തെയും വലിയ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഭീഷ്മ പര്‍വ്വത്തെ മാത്രമല്ല ​ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തെയും ആട് 3 മറികടന്നിട്ടുണ്ട്.

ഇതിലൂടെ പ്രമുഖ താരങ്ങളുടെ ഹയസ്റ്റ് ​ഗ്രോസിം​ഗ് മൂവീസ് ലിസ്റ്റില്‍ മമ്മൂട്ടിയെ മറികടന്ന് ഒന്‍പതാം സ്ഥാനത്ത് എത്തിയിട്ടുമുണ്ട് ജയസൂര്യ പത്താം സ്ഥാനത്താണ് നിലവില്‍ മമ്മൂട്ടി. കല്യാണി പ്രിയദര്‍ശന്‍ (ലോക:), മോഹന്‍ലാല്‍ (എമ്പുരാന്‍), ടൊവിനോ തോമസ് (2018), പൃഥ്വിരാജ് സുകുമാരന്‍ (ആടുജീവിതം), ഫഹദ് ഫാസില്‍ (ആവേശം), നിവിന്‍ പോളി (സര്‍വ്വം മായ), നസ്‍ലെന്‍ (പ്രേമലു), ഉണ്ണി മുകുന്ദന്‍ (മാര്‍ക്കോ) എന്നിവരാണ് യഥാക്രമം ലിസ്റ്റിലെ ആദ്യ എട്ട് സ്ഥാനങ്ങളില്‍.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News