സുഭാഷ് കപൂർ സംവിധാനം ചെയ്ത 'ജോളി എൽഎൽബി 3' എന്ന ചിത്രത്തിലൂടെ ഒരിക്കല്‍ക്കൂടി ബോക്സ് ഓഫീസില്‍ ആ നേട്ടം സ്വന്തമാക്കി അക്ഷയ് കുമാര്‍ 

കൊവിഡ് കാലത്തിന് ശേഷം ബോളിവുഡ് വ്യവസായം വലിയ തകര്‍ച്ച നേരിട്ടപ്പോള്‍ ഏറ്റവുമധികം തവണ വാര്‍ത്തകളില്‍ ഇടംപിടിച്ച താരം അക്ഷയ് കുമാര്‍ ആയിരുന്നു. മറ്റെല്ലാ താരങ്ങളുടെ ചിത്രങ്ങളും പരാജയപ്പെട്ടപ്പോഴും അക്ഷയ് കുമാര്‍ ചിത്രങ്ങളുടെ പരാജയങ്ങള്‍ കൂടുതല്‍ എടുത്തുകാട്ടപ്പെട്ടതിന് കാരണമുണ്ടായിരുന്നു. ബോളിവുഡ് അതിന് മുന്‍പ് അത്രയും മിനിമം ഗ്യാരന്‍റി കല്‍പ്പിച്ചിരുന്ന താരമായിരുന്നു അദ്ദേഹം എന്നതുതന്നെ. എന്നാല്‍ ആ പരാജയത്തുടര്‍ച്ചയില്‍ നിന്ന് പതിയെ ആണെങ്കിലും കരകയറിയിട്ടുണ്ട് അക്ഷയ് കുമാര്‍. ഇപ്പോഴിതാ ജോളി എല്‍എല്‍ബി 3 എന്ന അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രവും ഒരു ബോക്സ് ഓഫീസ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

സുഭാഷ് കപൂറിന്‍റെ രചനയിലും സംവിധാനത്തിലും 2013 ല്‍ ആരംഭിച്ച ഫ്രാഞ്ചൈസി ആണിത്. എന്നാല്‍ ആദ്യ ഭാഗത്തില്‍ അക്ഷയ് കുമാര്‍ ഉണ്ടായിരുന്നില്ല, മറിച്ച് അര്‍ഷാദ് വര്‍സി ആയിരുന്നു കേന്ദ്ര കഥാപാത്രം. 2017 ല്‍ പുറത്തെത്തിയ ജോളി എല്‍എല്‍ബി 2 ല്‍ അക്ഷയ് കുമാര്‍ നായകനായപ്പോള്‍ അര്‍ഷാദ് ഉണ്ടായിരുന്നില്ല. എന്നാല്‍ സെപ്റ്റംബര്‍ 19 ന് പുറത്തെത്തിയ മൂന്നാം ഭാഗത്തില്‍ ഇവര്‍ രണ്ട് പേരും ഉണ്ട്.

കൊയ്‍മൊയ് പുറത്തുവിട്ട 13 ദിവസത്തെ കണക്കുകള്‍ പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ നെറ്റ് കളക്ഷന്‍ മാത്രമാണ് ഇത്. ഇന്ത്യ ഗ്രോസ് 119 കോടിയില്‍ എത്തിയിട്ടുണ്ട്. അക്ഷയ് കുമാറിനെ സംബന്ധിച്ച് ഇന്ത്യന്‍ ബോക്സ് ഓഫീസിലെ 100 കോടി ക്ലബ്ബ് പുത്തരിയല്ല. അദ്ദേഹത്തിന്‍റെ കരിയറിലെ 19-ാമത്തെ 100 കോടി ക്ലബ്ബ് നേട്ടമാണ് ഇത്. ബോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പത്താമത്തെ കളക്ഷനും സ്വന്തം പേരില്‍ ആക്കിയിട്ടുണ്ട് നിലവില്‍ ചിത്രം. ആദ്യ വാരം 74 കോടി നേടിയ ചിത്രമാണിത്.

ഈ വര്‍ഷത്തെ കണക്ക് എടുത്താല്‍ 100 കോടി ക്ലബ്ബ് കടക്കുന്ന മൂന്നാമത്തെ അക്ഷയ് കുമാര്‍ ചിത്രമാണ് ജോളി എല്‍എല്‍ബി 3. സ്കൈഫോഴ്സ്, ഹൌസ്ഫുള്‍ 5 എന്നിവയായിരുന്നു മറ്റ് രണ്ട് ചിത്രങ്ങള്‍. 2012 ല്‍ ആയിരുന്നു ഒരു അക്ഷയ് കുമാര്‍ ചിത്രം ആദ്യമായി ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. ഹൌസ്ഫുള്‍ 2 ആയിരുന്നു അത്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്