ഋഷഭ് ഷെട്ടി ചിത്രം കാന്താര ചാപ്റ്റര്‍ 1 കര്‍ണാടകത്തില്‍ എക്കാലത്തെയും വലിയ കളക്ഷന്‍ നേടുന്ന ചിത്രമായി മാറി. 

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു കാന്താര ചാപ്റ്റര്‍ 1. കെജിഎഫിന് ശേഷം കന്നഡ സിനിമയ്ക്ക് കര്‍ണാടകത്തിന് പുറത്തേക്കും റീച്ച് നേടിക്കൊടുത്ത 2022 ചിത്രത്തിന്‍റെ പ്രീക്വല്‍ എന്നതായിരുന്നു ഈ ഹൈപ്പിന് കാരണം. ആ ഹൈപ്പിനൊപ്പം ചിത്രം എത്തി എന്ന് ബഹുഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെട്ടതോടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തകര്‍ത്ത് മുന്നേറുകയാണ് ബോക്സ് ഓഫീസില്‍ ഈ ഋഷഭ് ഷെട്ടി ചിത്രം. ഇപ്പോഴിതാ ഒരു ബോക്സ് ഓഫീസ് റെക്കോര്‍ഡ് കൂടി സ്വന്തം പേരില്‍ ആക്കിയിരിക്കുകയാണ് ചിത്രം.

കര്‍ണാടകത്തില്‍ ഒരു സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ എന്ന റെക്കോര്‍ഡ് ആണ് കാന്താര ചാപ്റ്റര്‍ 1 സ്വന്തം പേരില്‍ ആക്കിയിരിക്കുന്നത്. 2022 ചിത്രം കാന്താരയെ മറികടന്നാണ് ഈ നേട്ടം എന്നതാണ് കൗതുകം. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം 13 ദിവസം കൊണ്ട് (ചൊവ്വാഴ്ച വരെ) കര്‍ണാടകത്തില്‍ നിന്ന് നേടിയിരിക്കുന്നത് 182 കോടിയാണ്. 2022 ല്‍ പുറത്തെത്തിയ കാന്താരയുടെ കര്‍ണാടക ലൈഫ് ടൈം ​ഗ്രോസ് 183.60 കോടി ആയിരുന്നു. ബുധനാഴ്ചത്തെ കളക്ഷന്‍ കൊണ്ട് എന്തായാലും ചിത്രം കര്‍ണാടകത്തിലെ ഓള്‍ ടൈം ഹയസ്റ്റ് ​ഗ്രോസര്‍ ആവും. 14 ദിവസം കൊണ്ടാണ് ഈ നേട്ടം ചിത്രത്തിന് ഉണ്ടാവുക. ഒപ്പം കര്‍ണാടകത്തില്‍ നിന്ന് 200 കോടി ​ഗ്രോസ് നേടുന്ന ആദ്യ ചിത്രം എന്ന നേട്ടത്തിലേക്കും കാന്താര ചാപ്റ്റര്‍ 1 എത്തിക്കൊണ്ടിരിക്കുകയാണ്.

14 ദിവസം കൊണ്ട് റെക്കോര്‍ഡ് ഇടുന്നതിന് കാന്താര 1 നെ സഹായിച്ചത് സംസ്ഥാനത്തെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് കൂടിയാണ്. കാന്താര ചാപ്റ്റര്‍ 1 ന്‍റെ കര്‍ണാടകത്തിലെ ആവറേജ് ടിക്കറ്റ് റേറ്റ് 300 രൂപയാണ്. സംസ്ഥാനത്തെ മള്‍ട്ടിപ്ലെക്സുകളിലെ ടിക്കറ്റിന് 200 രൂപയ്ക്ക് മുകളില്‍ ഈടാക്കാനാവില്ലെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് കര്‍ണാടക ഫിലിം ചേംബര്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അതിനാല്‍ മള്‍ട്ടിപ്ലെക്സുകള്‍ക്ക് ആവശ്യാനുസരണം ടിക്കറ്റ് റേറ്റ് ഉയര്‍ത്താന്‍ സാധിച്ചു. അതേസമയം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം 650 കോടി മറികടന്നിട്ടുണ്ട് ഋഷഭ് ഷെട്ടി ചിത്രം.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്