കല്യാണി പ്രിയദർശൻ നായികയായെത്തിയ ചിത്രത്തിൽ നസ്ലെനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് 'ലോക' മുന്നേറുകയാണ്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായികയായ ചന്ദ്ര എന്ന കഥാപാത്രമായി എത്തിയിരിക്കുന്നത്. റിലീസ് ചെയ്ത് 18 ദിവസം പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് 119 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നതെന്ന് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ മാത്രം 6.85 കോടി രൂപ ചിത്രം ഇന്ത്യയിൽ നിന്നും കളക്ട് ചെയ്തു. പൃഥ്വിരാജ് - മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എമ്പുരാന്റെ ഇന്ത്യന്‍ കളക്ഷൻ കഴിഞ്ഞ ദിവസം ലോക മറികടന്നിരുന്നു. വെറും 17 ദിനങ്ങള്‍ കൊണ്ടാണ് എമ്പുരാന്‍റെ ലൈഫ് ടൈം ഇന്ത്യന്‍ കളക്ഷന്‍ ചിത്രം മറികടന്നിരിക്കുന്നത്.

നീലിയും ഒടിയനും ചാത്തനുമുള്ള മലയാളത്തിന്റെ യൂണിവേഴ്‌സ്

അതേസമയം മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർ ഹീറോ ചിത്രം എന്ന ഖ്യാതിയോടെ എത്തിയ ലോക കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക - ചാപ്റ്റർ വൺ: ചന്ദ്ര’ ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് ലോക. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം ലോക സ്വന്തമാക്കിയത്. റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.

കല്യാണി പ്രിയദർശൻ നായികയായെത്തിയ ചിത്രത്തിൽ നസ്ലെനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കൂടാതെ ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ തുടങ്ങിയവരും കാമിയോ റോളിൽ ചിത്രത്തിലെത്തുന്നു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News