രണ്ടാം വാരത്തിലാണ് ചിത്രം ഹിന്ദിയില്‍ എത്തിയത്
സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ എണ്ണത്തില്‍ കുറവാണ്. ആ പശ്ചാത്തലത്തിലാണ് ലേഡി സൂപ്പര്‍ഹീറോ കേന്ദ്ര കഥാപാത്രമായ മലയാള ചിത്രം ലോക നേടുന്ന വലിയ വിജയം രാജ്യമൊട്ടുക്കും ചര്‍ച്ച ചെയ്യപ്പെടുന്നത്. മലയാളത്തിന് തൊട്ടുപിന്നാലെ ചിത്രത്തിന്‍റെ തെലുങ്ക്, തമിഴ് പതിപ്പുകളും തിയറ്ററുകളിലെത്തിയിരുന്നു. അവയും വലിയ പ്രേക്ഷകപ്രീതിയും കളക്ഷനുമായി മുന്നേറുകയാണ്. ചിത്രത്തിന്‍റെ വിജയാഘാഷ പരിപാടി സംഘടിപ്പിച്ചതും ഹൈദരാബാദില്‍ ആയിരുന്നു. തെന്നിന്ത്യയില്‍ എമ്പാടും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായതിന് ശേഷമാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് പുറത്തെത്തിയത്. തെലുങ്ക്, തമിഴ് പതിപ്പുകള്‍ പോലെ വിജയം നേടുമോ ഹിന്ദി പതിപ്പ്? ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ മൂന്ന് ദിനങ്ങളിലെ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഓരോ ദിവസം മുന്നോട്ട് പോകുന്തോറും കളക്ഷനില്‍ വലിയ കുതിപ്പാണ് ഹിന്ദി പതിപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇവരുടെ കണക്ക് പ്രകാരം റിലീസ് ദിനത്തില്‍ ഹിന്ദി പതിപ്പ് നേടിയത് 15 ലക്ഷം ആയിരുന്നു. രണ്ടാം ദിനമായ വെള്ളിയാഴ്ച ഇത് 20 ലക്ഷമായും മൂന്നാം ദിനമായ ശനിയാഴ്ച ഇത് 40 ലക്ഷമായും ഉയര്‍ന്നു. അങ്ങനെ ആകെ 75 ലക്ഷം. ഞായറാഴ്ചയായ ഇന്ന് കളക്ഷനില്‍ വീണ്ടും മുന്നേറ്റം ഉണ്ടാവുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ ഒരേസമയം മികച്ച പ്രതികരണം നേടുന്നത് ലോകയെ സംബന്ധിച്ച് വമ്പന്‍ നേട്ടമാണ്. ചിത്രത്തിന്‍റെ ഫൈനല്‍ കളക്ഷന്‍ കണക്കുകള്‍ ഇപ്പോള്‍ പ്രവചിക്കാനാവാത്ത അവസ്ഥയുമാണ്.
ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ലോക- ചാപ്റ്റർ വൺ: ചന്ദ്ര. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വമ്പൻ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധായകന്‍റേതാണ്. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. യു എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു ഫാന്റസി ലോകമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചന്ദ്ര എന്ന ടൈറ്റില്‍ കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും വേണുവായി ചന്ദുവും, നൈജിൽ ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ഇത്.

