മലയാളം സൂപ്പര്‍ഹീറോ ചിത്രം ലോക ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുന്നു. ഹിന്ദി പതിപ്പിന്‍റെ കളക്ഷനില്‍ എമ്പുരാനെ മറികടന്ന ചിത്രം, മലയാള സിനിമയിലെ എക്കാലത്തെയും ഹയസ്റ്റ് ഗ്രോസര്‍ എന്ന റെക്കോര്‍ഡിന് തൊട്ടരികിലാണ്
മലയാളത്തിലെന്നല്ല, മറുഭാഷാ സിനിമാ പ്രേക്ഷകര്‍ക്കിടയിലും അടുത്തിടെ ഏറ്റവും ചര്‍ച്ച സൃഷ്ടിച്ച ചിത്രമാണ് ലോക. മലയാളത്തിലെ പുതിയ സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയുടെ ആദ്യ ചാപ്റ്റര്‍ ആയ ചന്ദ്ര ഓണം റിലീസ് ആയി ഓഗസ്റ്റ് 28 നാണ് തിയറ്ററുകളില്‍ എത്തിയത്. വലിയ പ്രീ റിലീസ് ഹൈപ്പ് കൊടുക്കാതെയാണ് നിര്‍മ്മാതാക്കള്‍ ചിത്രം തിയറ്ററുകളിലേക്ക് എത്തിച്ചത്. എന്നാല്‍ ആദ്യ ദിനം ആദ്യ ഷോകള്‍ പിന്നിട്ടതോടെ ചിത്രം ഒരു മസ്റ്റ് വാച്ച് ആണെന്ന പ്രേക്ഷകാഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഇതോടെ ചിത്രം ബോക്സ് ഓഫീസിലെ കുതിപ്പും ആരംഭിച്ചു. ഓരോ ദിവസവും ചിത്രത്തിന്‍റേതായ പുതിയ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ വാര്‍ത്തയാവുന്നുണ്ട്. ഇപ്പോഴിതാ ആ നിരയിലേക്ക് ഒരെണ്ണം കൂടി എത്തിയിരിക്കുകയാണ്.
ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് നേടിയ കളക്ഷനാണ് വാര്‍ത്തയാവുന്നത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഇതുവരെ നേടിയ നെറ്റ് കളക്ഷന്‍ 3 കോടിയാണ്. ഒരു മലയാള ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ കളക്ഷനാണ് ഇത്. എമ്പുരാന്‍റെ ഹിന്ദി പതിപ്പിനെ പിന്നിലാക്കിയാണ് ലോക ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2.59 കോടി ആയിരുന്നു എമ്പുരാന്‍ ഹിന്ദി പതിപ്പ് നേടിയ കളക്ഷന്‍.
അതേസമയം മലയാള സിനിമകളുടെ ഹിന്ദി പതിപ്പുകളില്‍ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രം ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ ആണ്. 12.81 കോടിയാണ് മാര്‍ക്കോ ഹിന്ദി പതിപ്പ് നേടിയത്. അതേസമയം ലോക ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ 250 കോടിയില്‍ ഏറെ നേടിയിട്ടുണ്ട്. എമ്പുരാന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന മലയാള ചിത്രവുമാണ് ലോക.
നിലവില്‍ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രം എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട് ലോക. 15 കോടിക്ക് മുകളില്‍ നേടിയാല്‍ എമ്പുരാനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തേക്ക് എത്തും ചിത്രം. ചിത്രത്തിന് മൂന്നാം വാരത്തിലും റിപ്പീറ്റ് ഓഡിയന്‍സ് ഉണ്ട് എന്നത് വലിയ നേട്ടമാണ്. ജെന്‍ സിക്ക് ഇടയില്‍ വന്‍ ട്രെന്‍ഡ് ആണ് ചിത്രം. ലോക അഞ്ചും ആറും തവണ കണ്ട സിനിമാപ്രേമികള്‍ പോലും എണ്ണത്തില്‍ അധികമാണ്. വേഫെറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.



