‘ലോക ചാപ്റ്റർ 1 ചന്ദ്ര’ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുന്നു. കളക്ഷനിൽ വന്‍ മുന്നേറ്റം. ആ റെക്കോര്‍ഡ് ബുക്കില്‍ മറികടന്നിരിക്കുന്നത് വമ്പന്‍ ചിത്രങ്ങളെ

മലയാളത്തിലെ പുതിയ സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായി എത്തിയ ചിത്രമാണ് ലോക ചാപ്റ്റര്‍ 1 ചന്ദ്ര. കല്യാണി പ്രിയദര്‍ശനെ ടൈറ്റില്‍ കഥാപാത്രമാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം ഓണം റിലീസ് ആയി ഓഗസ്റ്റ് 28 നാണ് പ്രദര്‍ശനം ആരംഭിച്ചത്. ആദ്യ ദിനം ആദ്യ ഷോകള്‍ക്കിപ്പുറം തന്നെ മസ്റ്റ് വാച്ച് എന്ന് അഭിപ്രായം ഉയര്‍ന്നതോടെ ചിത്രം തിയറ്ററുകള്‍ അക്ഷരാര്‍ഥത്തില്‍ ജനസമുദ്രങ്ങളാക്കി. എന്ന് മാത്രമല്ല, മൂന്നാം വാരാന്ത്യത്തിലും അത് തുടരുകയുമാണ്. ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ ഒരു ശ്രദ്ധേയ നേട്ടം കൈവരിച്ചിരിക്കുകയാണ് ചിത്രം.

ഇന്ത്യയിലെ കളക്ഷനില്‍ ഒരു ശ്രദ്ധേയ ചിത്രത്തെ മറികടന്നിരിക്കുകയാണ് ലോക. പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ എമ്പുരാനെയാണ് ഇന്ത്യന്‍ കളക്ഷനില്‍ ലോക മറികടന്നിരിക്കുന്നത്. വെറും 17 ദിനങ്ങള്‍ കൊണ്ടാണ് എമ്പുരാന്‍റെ ലൈഫ് ടൈം ഇന്ത്യന്‍ കളക്ഷന്‍ ചിത്രം മറികടന്നിരിക്കുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 17 ദിവസം കൊണ്ട് ലോക ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്ന നെറ്റ് കളക്ഷന്‍ 112.4 കോടിയാണ്. കൊയ്മൊയ്‍യുടെ കണക്ക് പ്രകാരം എമ്പുരാന്‍ ഇന്ത്യയില്‍ നിന്ന് നേടിയ ലൈഫ് ടൈം നെറ്റ് കളക്ഷന്‍ 106.64 കോടി ആയിരുന്നു.

ഇതോടെ ഇന്ത്യയില്‍ ഏറ്റവും കളക്ഷന്‍ നേടിയ മലയാളം സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട് ലോക. ലിസ്റ്റില്‍ ആദ്യ സ്ഥാനത്ത് മഞ്ഞുമ്മല്‍ ബോയ്‍സും രണ്ടാമത് തുടരും എന്ന ചിത്രവുമാണ്. കൊയ്‍മൊയ്‍യുടെ കണക്ക് പ്രകാരം മഞ്ഞുമ്മല്‍ ബോയ്‍സിന്‍റെ ഇന്ത്യന്‍ നെറ്റ് 142 കോടിയും തുടരുമിന്‍റേത് 122 കോടിയും ആയിരുന്നു. തുടരും കേരളത്തില്‍ നിന്ന് മാത്രം 100 കോടിയിലേറെ ഗ്രോസ് നേടിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ നിന്ന് മാത്രം 50 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. അതേസമയം ചിത്രം മൂന്നാം വാരാന്ത്യത്തിലും മികച്ച കളക്ഷന്‍ നേടുന്നതിനാല്‍ ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയാലും അത്ഭുതപ്പെടാനില്ല.

അതേസമയം വിദേശ ബോക്സ് ഓഫീസിലും ചിത്രം കുതിച്ചുകൊണ്ടിരിക്കുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവും കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയിലും ലോക ഒന്നാമതെത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇന്‍ഡസ്ട്രി. നിലവില്‍ എമ്പുരാനാണ് ആ പട്ടികയില്‍ ഒന്നാമത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming