Asianet News MalayalamAsianet News Malayalam

സൂപ്പർ താരങ്ങളില്ല, ഓടിയത് 73 ദിവസം, നേടിയത് 240 കോടി ! 'മഞ്ഞുമ്മൽ' പിള്ളേർ നാളെ ഒടിടിയിൽ, ആകെ നേടിയത് ?

ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം. 

malayalam movie manjummel boys ott release tomorrow 5-5-2024 in disney plus hot star, final box office collection
Author
First Published May 4, 2024, 10:38 AM IST

ലയാള സിനിമകളെ എ പടങ്ങൾ എന്ന് വിശേഷിപ്പിച്ചിരുന്നൊരു കാലം ഉണ്ടായിരുന്നു. മമ്മൂട്ടി ഉൾപ്പടെയുള്ളവർ ഇതരഭാഷാ സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയത് മുതലാണ് ഈ വിളിയിൽ മാറ്റം വന്ന് തുടങ്ങിയതെന്ന് പഴയകാല അഭിനേതാക്കൾ പറഞ്ഞ് കേട്ടിട്ടുള്ളതാണ്. എന്നാൽ ആക്കഥയല്ല ഇന്ന്. കാലം മാറി. ഒപ്പം മലയാള സിനിമയും. മറുനാട്ടുകാരും മോളിവുഡിനെ പുകഴ്ത്തി. കോടി ക്ലബ്ബുകൾ അന്യമായിരുന്ന മോളിവുഡിന് ഇന്നത് കയ്യൈത്തും ദൂരത്ത് ആണ്. 200 കോടി ക്ലബ്ബ് ചിത്രവും മലയാളത്തിന് സ്വന്തമായി കഴിഞ്ഞു. ഇതിന് വഴിതെളി‍ച്ചത് ആകട്ടെ മൾട്ടി സ്റ്റാർ ചിത്രം മഞ്ഞുമ്മൽ ബോയ്സും. 

ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്നുവെന്ന നിലയിൽ ശ്രദ്ധനേടിയ സിനിമ ആയിരുന്നു മഞ്ഞുമ്മൽ ബോയ്സ്. യഥാർത്ഥ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകരുടെ മനവും കണ്ണും ഒരുപോലെ നിറഞ്ഞു. തങ്ങൾക്കും ഇങ്ങനെയൊരു സുഹൃത്ത് വലയം  ഉണ്ടായിരുന്നെങ്കിൽ എന്ന് ഏവരും കൊതിച്ചു. ആ തോന്നൽ കേരളത്തിൽ മാത്രം ഒതുങ്ങിയില്ല. തമിഴ്, തെലുങ്ക് തുടങ്ങി ഭാഷകളിലും ഡബ്ബ് ചെയ്ത് ചിത്രം റിലീസ് ചെയ്തു. തമിഴ്നാട്ടിൽ മലയാളം വെർഷൻ തന്നെ ആയിരുന്നു റിലീസ് ചെയ്തത്. തങ്ങളുടെ സ്വന്തം പടം എന്ന നിലയിൽ ആയിരുന്നു അവർ മഞ്ഞുമ്മൽ ബോയ്സിനെ ആഘോഷിച്ചതും. ഇപ്പോഴിതാ ഏറെ നാളത്തെ തിയറ്റർ റൺ അവസാനിപ്പിച്ച് ചിത്രം ഒടിടിയിൽ എത്താൻ ഒരുങ്ങുകയാണ്. 

നാളെ അതായത് മെയ് 5ന് സിനിമ ഒടിടിയിൽ എത്തും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ഫെബ്രുവരി 22ന് ആയിരുന്നു മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. 73 ദിവസം പൂർത്തിയാക്കിയാണ് ചിത്രം ഒടിടിയിൽ എത്തുന്നതും. ഈ അവസരത്തിൽ സിനിമ നേടിയ കളക്ഷനും പുറത്തുവരികയാണ്. 

'ആളാകെ മാറി, കണ്ടിട്ട് മനസിലാകുന്നില്ല', സനൂഷയോട് മലയാളികൾ, ഒപ്പം ബോഡി ഷെയ്മിങ്ങും

എഴുപത്തി രണ്ട് ദിവസത്തെ കളക്ഷൻ വിവരമാണ് പുറത്തുവരുന്നത്. അതായത് ഇന്നലെ വരെയുള്ള കളക്ഷൻ. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 72.10 കോടിയാണ് കേരളത്തിൽ നിന്നുമാത്രം ചിത്രം നേടിയത്. തമിഴ്നാട് 64.10 കോടി, കർണാടക 15.85 കോടി, എപി/ ടിജി 14.25 കോടി, ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിൽ നിന്നും  2.7 കോടി എന്നിങ്ങനെയാണ് നേടിയത്. ഇന്ത്യ മൊത്തമുള്ള കളക്ഷൻ 169കോടിയാണ്. ഓവർസീസിൽ 73.3 കോടിയും നേടി. അങ്ങനെ ആകെ മൊത്തം 242.3 കോടിയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ. ഇനി ഏത് സിനിമ ഈ റെക്കോർഡ് കളക്ഷൻ മറികടക്കുമെന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിരിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios