പത്ത് മാസത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം തെന്നിന്ത്യന്‍ തിയറ്റര്‍ വ്യവസായത്തിനു പ്രതീക്ഷ പകര്‍ന്നാണ് പൊങ്കല്‍ റിലീസ് ആയി വിജയ് ചിത്രം 'മാസ്റ്റര്‍' ഇന്നലെ റിലീസ് ചെയ്യപ്പെട്ടത്. തമിഴ്നാടിനു പുറമെ കേരളമുള്‍പ്പെടെയുള്ള മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും തമിഴ്സിനിമയ്ക്ക് വേരോട്ടമുള്ള വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ പ്രിയങ്കരനായ വിജയ്‍യുടെ ചിത്രമായതിനാല്‍ പ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് തിരികെയെത്തുമെന്നായിരുന്നു പ്രതീക്ഷ. അക്ഷരാര്‍ഥത്തില്‍ അതുതന്നെ സംഭവിച്ചു. കേരളത്തിലുള്‍പ്പെടെ ബഹുഭൂരിപക്ഷം റിലീസിംഗ് സെന്‍ററുകളിലും റിലീസ് ദിനത്തിലെ മിക്കവാറും എല്ലാ പ്രദര്‍ശനങ്ങളും ഹൗസ് ഫുള്‍ ആയിരുന്നു. അപ്പോള്‍ത്തന്നെ കൊവിഡ് മുന്‍കരുതലിന്‍റെ ഭാഗമായുള്ള 50 ശതമാനം പ്രവേശനം കളക്ഷനെ എങ്ങനെ ബാധിക്കുമെന്ന് സിനിമാവ്യവസായത്തിന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അത്തരം ആശങ്കകള്‍ ഒരു പരിധി വരെ ദുരീകരിക്കുന്ന ഇനിഷ്യല്‍ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

 

50 ശതമാനം സീറ്റുകളിലാണ് പ്രവേശനമെങ്കിലും മറ്റു ചിത്രങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ 'മാസ്റ്ററി'ന് തിയറ്റര്‍ കൗണ്ട് കൂടുതല്‍ ലഭിച്ചു എന്നതാണ് കളക്ഷനില്‍ വലിയ കുറവ് അനുഭവപ്പെടാതിരുന്നതിനു കാരണം. ഉദാഹരണത്തിന് കേരളത്തില്‍പ്പോലും അഞ്ഞൂറിലേറെ തിയറ്ററുകളാണ് മാസ്റ്ററിന് റിലീസിന് ലഭിച്ചത്. ഇത് കേരളത്തിലെ റെക്കോര്‍ഡ് ആണ്. ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്കുപോലും ഇതിനുമുന്‍പ് പരമാവധി 400 സ്ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ മിക്ക പ്രദര്‍ശനങ്ങളും ഹൗസ് ഫുള്‍ ആയിരുന്നു. സിംഗിള്‍ സ്ക്രീനുകളില്‍ 30,000 മുതലുള്ള കളക്ഷന്‍ രേഖപ്പെടുത്തിയപ്പോള്‍ മള്‍ട്ടിപ്ലെക്സുകളില്‍ 3 ലക്ഷം മുതല്‍ 6 ലക്ഷം വരെയും അതിനു മുകളിലും കളക്ഷന്‍ ഒറ്റ ദിവസം ലഭിച്ചിട്ടുണ്ട്. 2.17 കോടിയാണ് ആദ്യദിനം കേരളത്തില്‍ നിന്നു ലഭിച്ച ഗ്രോസ് എന്നാണ് പുറത്തുവരുന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

തമിഴ്നാട്ടില്‍ വമ്പന്‍ പ്രതികരണമാണ് ചിത്രത്തിന്. റിലീസിന് ദിവസങ്ങള്‍ക്കു മുന്‍പുതന്നെ ഭൂരിഭാഗവും ടിക്കറ്റുകള്‍ സോള്‍ഡ് ഔട്ട് ആയിരുന്ന നഗരത്തില്‍ ആദ്യദിനത്തില്‍ 1.21 കോടി ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്. മുഴുവന്‍ തമിഴ്നാട്ടിലെയും കളക്ഷന്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഏറ്റവും മികച്ച ഗ്രോസ് നേടിയ ചിത്രങ്ങളുടെ ആദ്യ നാല് സ്ഥാനങ്ങളില്‍ മാസ്റ്റര്‍ ഉണ്ടായിരിക്കുമെന്ന് അനലിസ്റ്റുകള്‍ ഉറപ്പിച്ചു പറയുന്നു. 

തെലുങ്ക് സംസ്ഥാനങ്ങളിലും സമാന പ്രതികരണമാണ് ചിത്രത്തിന്. ആന്ധ്രയിലും തെലുങ്കാനയിലുമായി ആദ്യദിനം 5.74 കോടി ചിത്രത്തിന് ലഭിച്ചുവെന്നാണ് കണക്കുകള്‍. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആ രമേശ് ബാല പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിസാം (1.49 കോടി), സീഡഡ് (1.1 കോടി), വിസാഗ് (83 ലക്ഷം), വെസ്റ്റ് ഗോദാവരി (48 ലക്ഷം), ഈസ്റ്റ് ഗോദാവരി (48 ലക്ഷം), ഗുണ്ടൂര്‍ (67 ലക്ഷം), കൃഷ്ണ (36 ലക്ഷം), നെല്ലൂര്‍ (25 ലക്ഷം) എന്നിങ്ങനെയാണ് അവിടത്തെ കണക്കുകള്‍. മികച്ച സ്ക്രീന്‍ കൗണ്ടിലാണ് മാസ്റ്ററിന്‍റെ ഹിന്ദി പതിപ്പും റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഉത്തരേന്ത്യന്‍ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ എത്തിത്തുടങ്ങിയിട്ടില്ല. ഹിന്ദി പതിപ്പ് അറുനൂറിലേറെ തിയറ്ററുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. 

അതേസമയം പല വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുമുള്ള ആദ്യദിന കളക്ഷന്‍ പുറത്തുവരുന്നുണ്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശിന്‍റെ കണക്ക് പ്രകാരം ഓസ്ട്രേലിയയില്‍ നിന്ന് 1.61 കോടി രൂപയും ന്യൂസിലന്‍ഡില്‍ നിന്ന് 29.84 ലക്ഷവുമാണ് ചിത്രം ആദ്യദിനം നേടിയത്. യുഎസില്‍ നിന്നുള്ളതുള്‍പ്പെടെയുള്ള കണക്കുകള്‍ ഇനിയും പുറത്തുവന്നിട്ടില്ല. ശ്രീലങ്ക, യുഎഇ, ജിസിസി, സിംഗപ്പൂര്‍, ജപ്പാന്‍ തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിലും ചിത്രം എത്തിയിട്ടുണ്ട്. കൊവിഡിന് ശേഷം ഇന്ത്യയില്‍ നിന്നുണ്ടാകുന്ന ആദ്യ ആഗോള റിലീസുമാണ് മാസ്റ്റര്‍. കൊവിഡിനു ശേഷം തിയറ്ററുകളിലേക്ക് ആളെത്തുമോ എന്ന സിനിമാവ്യവസായത്തിന്‍റെ ആശങ്കയാണ് മാസ്റ്റര്‍ പരിഹരിച്ചിരിക്കുന്നതെന്ന് നിസംശയം പറയാം.