വിദേശ ബോക്സ് ഓഫീസിലെ അപൂര്‍വ്വ നേട്ടം

വിദേശ ബോക്സ് ഓഫീസില്‍ സമീപകാലത്ത് മലയാള സിനിമ നേടിയ വളര്‍ച്ച ശ്രദ്ധേയമാണ്. ഒരുകാലത്ത് ഓവര്‍സീസ് മാര്‍ക്കറ്റ് എന്നാല്‍ ഗള്‍ഫ് മാത്രം ആയിരുന്ന കാലത്തുനിന്ന് മോളിവുഡ് ഏറെ വളര്‍ന്നിരിക്കുന്നു. ഇന്ന് ലോകത്ത് മലയാളികള്‍ ഉള്ള ഒട്ടുമിക്ക രാജ്യങ്ങളിലും മലയാള സിനിമകള്‍ എത്തുന്നുണ്ട്. അതില്‍ത്തന്നെ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കാണ് ഏറ്റവും മികച്ച ഓവര്‍സീസ് റിലീസ് ലഭിക്കാറ്. നേടുന്ന കളക്ഷന്‍ തന്നെ ഇതിന് കാരണം. ഇപ്പോഴിതാ കൗതുകകരമായ ഒരു ബോക്സ് ഓഫീസ് പട്ടിക പുറത്തെത്തിയിരിക്കുകയാണ്. വിദേശത്ത് 10 മില്യണ്‍ ഡോളറിലധികം നേടിയ ഒന്നിലധികം ചിത്രങ്ങളില്‍ നായകനായ തെന്നിന്ത്യന്‍ നായകന്മാരുടെ പട്ടികയാണ് അത്. ട്രാക്കര്‍മാരായ ബോളിവുഡ‍് ബോക്സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്ന ലിസ്റ്റില്‍ ആകെ നാല് താരങ്ങള്‍ മാത്രമാണ് ഉള്ളത്. മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍ മാത്രമാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

വിജയ്, പ്രഭാസ്, രജനികാന്ത് എന്നിവര്‍ക്കൊപ്പമാണ് മോഹന്‍ലാലും ഈ എലൈറ്റ് ക്ലബ്ബില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. തെന്നിന്ത്യന്‍ നായക താരങ്ങളില്‍ വിദേശത്ത് ഏറ്റവുമധികം ചിത്രങ്ങള്‍ 10 മില്യണ്‍ ഡോളറില്‍ അധികം നേടിയിട്ടുള്ളത് വിജയ് ആണ്. വിജയ്‍യുടെ ആറ് ചിത്രങ്ങള്‍ ഈ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. പ്രഭാസിന്‍റെയും രജനികാന്തിന്‍റെയും അഞ്ച് വീതം ചിത്രങ്ങളും സമാന നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം മോഹന്‍ലാലിന് രണ്ട് ചിത്രങ്ങളാണ് ഈ ലിസ്റ്റില്‍ ഉള്ളത്. അദ്ദേഹത്തിന്‍റെ അവസാനത്തെ രണ്ട് റിലീസുകളായ എമ്പുരാനും തുടരും എന്ന ചിത്രവുമാണ് ഈ നേട്ടത്തില്‍ എത്തിയിരിക്കുന്നത്. 

അതേസമയം അഭിനയിച്ച ഒരേയൊരു ചിത്രം ഈ നേട്ടം ഉണ്ടാക്കിയിട്ടുള്ള താരങ്ങള്‍ വേറെയുണ്ട്. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അല്ലു അര്‍ജുന്‍, യഷ്, കമല്‍ ഹാസന്‍, വിജയ് സേതുപതി എന്നിവരാണ് അത്. മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളായ പൊന്നിയിന്‍ സെല്‍വന്‍ രണ്ട് ഭാഗങ്ങളും ഇതേ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. 

അതേസമയം കരിയറില്‍ ഒരു മാസത്തെ ഇടവേളയില്‍ രണ്ട് 200 കോടി ക്ലബ്ബ് ചിത്രങ്ങള്‍ എന്ന നേട്ടമാണ് മോഹന്‍ലാലിന് സ്വന്തമായത്. എമ്പുരാന്‍ തിയറ്ററുകളിലെത്തിയത് മാര്‍ച്ച് 27 ന് ആയിരുന്നെങ്കില്‍ തുടരും എക്കിയത് ഏപ്രില്‍ 25 ന് ആയിരുന്നു. എമ്പുരാന്‍ 260 കോടിയിലേറെ നേടിയപ്പോള്‍ തുടരും 200 കോടി പിന്നിട്ട് ഇപ്പോഴും തിയറ്ററുകളില്‍ തുടരുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം