കൊവിഡ് അനന്തര ബോക്സ് ഓഫീസിലെ കൗതുകകരമായ താരതമ്യങ്ങളില്‍ ഒന്ന് മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഉള്ളതായിരുന്നു

ജനപ്രീതിയുടെ മുകള്‍ത്തട്ടില്‍ നില്‍ക്കുന്ന സൂപ്പര്‍താരങ്ങള്‍ക്ക് തുടര്‍ പരാജയങ്ങള്‍ ഉണ്ടായാലും ഇന്‍ഡസ്ട്രി അവരില്‍ വെക്കുന്ന പ്രതീക്ഷയുണ്ട്. ഒരു ചിത്രം പോസിറ്റീവ് അഭിപ്രായം നേടിയാല്‍പ്പോലും അത് കൊണ്ടുവരുന്ന കളക്ഷന്‍ വലുതായിരിക്കും. എന്ന് മാത്രമല്ല തിരിച്ചുവരവ് ആ താരങ്ങള്‍ ബോക്സ് ഓഫീസില്‍ ആഘോഷമാക്കുകയും ചെയ്യും. മലയാളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ ആയ മോഹന്‍ലാല്‍ അടുത്തിടെ നടത്തിയിരിക്കുന്ന തിരിച്ചുവരവ് അത്തരത്തിലുള്ള ഒന്നാണ്. സിനിമാ ബിസിനസിനെ മാറ്റിയെഴുതിയ കാലമായിരുന്നു കൊവിഡ് കാലം. ഇതിന് ശേഷമുള്ള ബോക്സ് ഓഫീസ് കണക്കുകള്‍ ട്രാക്കര്‍മാര്‍ പലപ്പോഴും പ്രത്യേകം ശ്രദ്ധിക്കാറും പ്രസിദ്ധീകരിക്കാറുമുണ്ട്. മലയാളത്തിലെ പോസ്റ്റ് കൊവിഡ് കണക്കുകളും അത്തരത്തില്‍ എത്തിയിരുന്നു. വിജയങ്ങള്‍ കുറവായിരുന്നതിനാല്‍ മോഹന്‍ലാല്‍ ലിസ്റ്റില്‍ പിന്നിലായിരുന്നു. എന്നാല്‍ രണ്ടേ രണ്ട് ചിത്രങ്ങള്‍ കൊണ്ട് അദ്ദേഹം ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്.

കൊവിഡ് അനന്തര ബോക്സ് ഓഫീസിലെ കൗതുകകരമായ താരതമ്യങ്ങളില്‍ ഒന്ന് മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഉള്ളതായിരുന്നു. ദി പ്രീസ്റ്റ് മുതല്‍ അവസാനമിറങ്ങിയ ബസൂക്ക വരെ മമ്മൂട്ടിയുടേതായി 13 ചിത്രങ്ങളാണ് കൊവിഡ് അനന്തര കാലയളവില്‍ പുറത്തിറങ്ങിയത്. ഈ ചിത്രങ്ങള്‍ ചേര്‍ന്ന് 500 കോടിയില്‍ അധികം ഗ്രോസ് നേടിയിരുന്നു. ഇതില്‍ നിന്ന് മമ്മൂട്ടി നേടിയ ആവറേജ് കളക്ഷന്‍ 38 കോടി ആയിരുന്നു. എമ്പുരാന്‍ എത്തുന്നതിന് മുന്‍പ് പോസ്റ്റ് കൊവിഡ് ചിത്രങ്ങളില്‍ നിന്ന് മോഹന്‍ലാല്‍ നേടിയത് 270 കോടി മാത്രമായിരുന്നു. എത്തിയത് 7 ചിത്രങ്ങളും. ആവറേജ് കളക്ഷന്‍, മമ്മൂട്ടിയുടേതിന് സമാനമായി 38 കോടി തന്നെ ആയിരുന്നു. എന്നാല്‍ ഒരു മാസത്തെ ഇടവേളയില്‍ എത്തിയ രണ്ട് ചിത്രങ്ങളിലൂടെ മോഹന്‍ലാല്‍ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എത്തി.

ഈ രണ്ട് ചിത്രങ്ങളും 200 കോടി ക്ലബ്ബില്‍ എത്തിയതോടെയാണ് ഇത്. എമ്പുരാനാണ് നിലവില്‍ മലയാളത്തില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം. 268 കോടിയാണ് അതിന്‍റെ നേട്ടം. ഇപ്പോഴും തിയറ്ററുകളിലുള്ള തുടരും നേടിയത് 208 കോടിയും. ഈ രണ്ട് ചിത്രങ്ങള്‍ കൂടി ചേര്‍ത്ത് കൊവിഡ് അനന്തര ബോക്സ് ഓഫീസില്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ നേടിയ കളക്ഷന്‍ 692 കോടിയായി ഉയര്‍ന്നു. 9 ചിത്രങ്ങളില്‍ നിന്ന് തന്‍റെ ആവറേജ് ബോക്സ് ഓഫീസ് 77 കോടിയായി മോഹന്‍ലാല്‍ വര്‍ധിപ്പിക്കുകയും ചെയ്തു. നിലവില്‍ ഒരു മലയാള താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന പോസ്റ്റ്- കൊവിഡ് ആവറേജ് ബോക്സ് ഓഫീസ് ആണ് ഇത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം