ജനുവരി 29 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം
ജനപ്രീതി കൊണ്ടും ബോക്സ് ഓഫീസ് കളക്ഷന്‍ കൊണ്ടും ലോക സിനിമയെ വിസ്മയിപ്പിക്കുന്ന ചില ചിത്രങ്ങളുണ്ട്. വല്ലപ്പോഴുമൊരിക്കല്‍ സംഭവിക്കുന്ന അത്തരം അത്ഭുതങ്ങള്‍ അതത് ഇന്‍ഡസ്ട്രികളുടെ മുന്നോട്ടുപോക്കിനെ ഒട്ടൊന്നുമല്ല സഹായിക്കുന്നത്. ഈ വര്‍ഷം അത്തരത്തില്‍ ഏറ്റവുമധികം തവണ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രം റിലീസിന്‍റെ 84-ാം ദിനവും അത് തുടരുകയാണ്. 700 കോടി രൂപ ബജറ്റില്‍ ഒരുങ്ങിയ ഈ ചിത്രം ഹോളിവുഡില്‍ നിന്നോ ഇന്ത്യന്‍ സിനിമയില്‍ നിന്നോ അല്ല, മറിച്ച് ചൈനീസ് ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നാണ്.
ജിയാഓസി രചനയും സംവിധാനവും നിര്‍വ്വഹിച്ച നെസ 2 എന്ന ചിത്രമാണ് അത്. അനിമേറ്റഡ് ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ആഭ്യന്തര റിലീസ് ജനുവരി 29 ന് ആയിരുന്നു. ആദ്യ ദിനം മുതല്‍ മികച്ച പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം തുടര്‍ന്നുള്ള വാരങ്ങളില്‍ ബോക്സ് ഓഫീസില്‍ അത്ഭുതങ്ങളാണ് കാട്ടിയത്, ഇപ്പോഴും തുടരുന്നതും. 2.80 മില്യണ്‍ ഡോളര്‍ (696 കോടി രൂപ) ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വെറൈറ്റിയുടെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 2.116 ബില്യണ്‍ ഡോളര്‍ ആണ്. രൂപയിലേക്ക് മാറ്റിയാല്‍ 18,000 കോടി!
ലോക സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് എന്നത് മാത്രമല്ല എക്കാലത്തെയും ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നുമാണ് നെസ 2. ലോക സിനിമയുടെ ചരിത്രത്തില്‍ത്തന്നെ ആഗോള ബോക്സ് ഓഫീസില്‍ 2 ബില്യണ്‍ ഡോളറിലധികം നേടിയിരിക്കുന്ന ഏഴാമത്തെ ചിത്രമാണ് ഇത്. ചെറിയ ഇടവേളയ്ക്ക് ശേഷം ഏറ്റവും ഒടുവിലത്തെ വാരാന്ത്യത്തില്‍ (ഏപ്രില്‍ 18- 20) ചൈനീസ് ബോക്സ് ഓഫീസില്‍ വീണ്ടും ചിത്രം ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
അതേസമയം ചിത്രത്തിന്റെ ബോക്സ് ഓഫീസ് നേട്ടം ഇവിടംകൊണ്ടൊന്നും അവസാനിക്കുമെന്ന് കരുതാനാവില്ല. ഇന്ത്യ ഉള്‍പ്പെടെ മറ്റ് നിരവധി മാര്‍ക്കറ്റുകളിലേക്കും എത്താന്‍ ഒരുങ്ങുകയാണ് ചിത്രം. നോര്‍ത്ത് അമേരിക്കയില്‍ ചിത്രം ഫെബ്രുവരി 14 ന് എത്തിയിരുന്നെങ്കിലും അത് ഇംഗ്ലീഷ് സബ് ടൈറ്റില്‍ ഉള്ള ചൈനീസ് ഭാഷാ ചിത്രം തന്നെ ആയിരുന്നു. ലിമിറ്റഡ് റിലീസുമായിരുന്നു അത്. വലിയ സ്ക്രീന്‍ കൗണ്ടോടെ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയ ചിത്രം നോര്‍ത്ത് അമേരിക്കയില്‍ വൈകാതെ എത്തും. ഏപ്രില്‍ 25 നാണ് ചിത്രത്തിന്‍റെ ഇന്ത്യന്‍ റിലീസ്.
ALSO READ : 'കേക്ക് സ്റ്റോറി' സക്സസ് ട്രെയ്‍ലര്‍ പുറത്തെത്തി
