രാഹുൽ സദാശിവൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ ചിത്രം 'ഡീയസ് ഈറേ' മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, ചിത്രം അധികം വൈകാതെ 50 കോടി ക്ലബ്ബിൽ ഇടംപിടിക്കും.

യാത്രകളെ പ്രണയിക്കുന്ന പ്രണവ് മോഹൻലാൽ വല്ലപ്പോഴും വന്നൊരു സിനിമ ചെയ്യും. അതിനായി പ്രേക്ഷകരും ഒന്നടങ്കം കാത്തിരിക്കും. അത്തരത്തിൽ ഒടുവിലെത്തിയ പടമായിരുന്നു ഡീയസ് ഈറേ. ഹെറർ സിനിമകളിൽ മലയാള സിനിമയ്ക്ക് പുത്തൻ മാനം നൽകിയ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകൾ നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ ഡീയസ് ഈറേ നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.

ഒക്ടോബർ 31ന് ആയിരുന്നു ഡീയസ് ഈറേയുടെ റിലീസ്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിൽ 39.70 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. നാല് ദിവസം കൊണ്ട് 43 കോടി രൂപ നേടിയെന്നും പ്രമുഖ ട്രാക്കർന്മാർ റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെയെങ്കിൽ അധികം വൈകാതെ 50 കോടി ക്ലബ്ബെന്ന നേട്ടം പ്രണവ് മോഹൻലാൽ ചിത്രം നേടും. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ പ്രണവ് മോഹൻലാലിന്റെ മൂന്നാമത്തെ 50 കോടി ചിത്രമായിരിക്കും ഈ ഹൊറർ ത്രില്ലർ. 15.45 കോടി രൂപയാണ് മൂന്ന് ദിവസത്തിൽ കേരളത്തിൽ നിന്നും ചിത്രം നേടിയത്.

'ദി ഡേ ഓഫ് റാത്ത്' എന്ന ടാ​ഗ് ലൈനോടെ എത്തിയ ചിത്രമാണ് ഡീയസ് ഈറേ. ക്രോധത്തിൻ്റെ ദിനം എന്നാണ് ഇതിന്റെ അർത്ഥം. മമ്മൂട്ടിയുടെ ഭ്രമയു​ഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ ആയിരുന്നു മലയാളികൾ കാത്തിരുന്നത്. ആ പ്രതീക്ഷ വെറുതെ ആയില്ലെന്ന് ആദ്യ ഷോ മുതൽ തന്നെ വ്യക്തമായി. ക്രിസ്റ്റോ സേവ്യർ സം​ഗീതം ഒരുക്കിയ ചിത്രം പ്രണവ് മോഹൻലാലിന്റെ കരിയറിലെ തന്നെ വലിയൊരു ബ്രേക്ക് ആണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്