നവാഗതനായ ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം

സമീപകാലത്ത് ഒരു ദിലീപ് ചിത്രം നേടുന്ന ഏറ്റവും മികച്ച പ്രതികരണങ്ങളുമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. നവാഗതനായ ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ദിലീപിന്‍റെ കരിയറിലെ 150-ാം ചിത്രവുമാണ്. ഷാരിസ് മുഹമ്മദിന്‍റേതാണ് ചിത്രത്തിന്‍റെ രചന. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ചിത്രം നേടിയ ജനപ്രീതിക്ക് തെളിവാകുന്നുണ്ട് കളക്ഷന്‍ കണക്കുകള്‍.

വാരാന്ത്യം കഴിഞ്ഞ് വരുന്ന പ്രവര്‍ത്തി ദിനങ്ങളില്‍ സിനിമകളുടെ കളക്ഷനില്‍ പൊതുവെ ഇടിവ് സംഭവിക്കാറുണ്ട്. എന്നാല്‍ പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ കാര്യത്തില്‍ അത് കാര്യമായി സംഭവിച്ചിട്ടില്ലെന്ന് മാത്രമല്ല, ഞായറാഴ്ച നേടിയതിന് ഏകദേശം തുല്യമായ രീതിയിലാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെയും കളക്ഷന്‍. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഞായറാഴ്ച നേടിയത് 1.72 കോടി ആയിരുന്നെങ്കില്‍ തിങ്കളാഴ്ച നേടിയത് 1.25 കോടിയും ചൊവ്വാഴ്ചത്തെ കളക്ഷന്‍ 1.15 കോടിയുമാണ്. അങ്ങനെ ആദ്യ അഞ്ച് ദിനങ്ങള്‍ ചേര്‍ത്ത് നേടിയിട്ടുള്ള കളക്ഷന്‍ 6.86 കോടിയാണ്. ഗ്രോസ് കളക്ഷനാണ് ഇത്. നെറ്റ് കളക്ഷന്‍ 6.07 കോടിയുമാണ്. 

ഒരു വർഷത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിച്ച ചിത്രമാണിത്. ഉപചാരപൂർവ്വം ഗുണ്ട ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭമാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രവുമാണ് ദിലീപിനൊപ്പമുള്ള പ്രിൻസ് ആൻഡ് ഫാമിലി. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബും ആണ്. ദിലീപ്- ധ്യാൻ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് പ്രിൻസ് ആൻഡ് ഫാമിലി. ഇവരെ കൂടാതെ ബിന്ദു പണിക്കർ, സിദ്ദിഖ്, മഞ്ജു പിള്ള, ഉർവശി, ജോണി ആന്‍റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം