മോഹന്‍ലാല്‍ ചിത്രം രാവണപ്രഭുവിന്‍റെ 4K റീ റിലീസിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. വാരാന്ത്യത്തിലും മികച്ച കളക്ഷന്‍ നേടുമെന്ന് ചിത്രം ഉറപ്പിച്ചു കഴിഞ്ഞു.

മലയാളത്തിലെ റീ റിലീസുകളില്‍ തിയറ്ററുകളില്‍ ഏറ്റവും വലിയ ഓളം സൃഷ്ടിച്ചതൊക്കെ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ആയിരുന്നു. അതിന്‍റെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് രാവണപ്രഭു. രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ അച്ഛനും മകനുമായി മോഹന്‍ലാല്‍ ഇരട്ട വേഷത്തില്‍ എത്തിയ ചിത്രത്തിന്‍റെ ഒറിജിനല്‍ റിലീസ് 2001 ല്‍ ആയിരുന്നു. സിനിമാപ്രേമികള്‍ക്കിടയില്‍, വിശേഷിച്ചും നയന്‍റീസ് കിഡ്സിനിടയില്‍ വലിയ ഫാന്‍ ഫോളോവിംഗ് ഉള്ള ചിത്രം നീണ്ട 24 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കൂടുതല്‍ ദൃശ്യ, ശ്രാവ്യ മികവോടെ തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. അഡ്വാന്‍സ് ബുക്കിംഗിലൂടെത്തന്നെ ഈ റീ റിലീസിനോടുള്ള താല്‍പര്യം പ്രേക്ഷകര്‍ വ്യക്തമാക്കിയിരുന്നതാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന ബോക്സ് ഓഫീസ് കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്.

ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയത് 36 ലക്ഷം ആയിരുന്നു. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം ആകെ നേടിയിരിക്കുന്നത് 70 ലക്ഷം ആണെന്നാണ് ട്രാക്കര്‍മാര്‍ നല്‍കുന്ന വിവരം. കാന്താര കഴിഞ്ഞാല്‍ കേരള ബോക്സ് ഓഫീസില്‍ ഇന്നലെ ഏറ്റവുമധികം കളക്റ്റ് ചെയ്ത ചിത്രവും രാവണപ്രഭു തന്നെ. ഇന്നലെ എത്തിയ പുതിയ റിലീസുകള്‍ പോലും പിന്നിലാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടി നേടി തുടരുന്ന ലോകയാണ് കേരള ബോക്സ് ഓഫീസില്‍ ഇന്നലെ മൂന്നാമത്.

അതേസമയം കേരളത്തില്‍ ഒരു റീ റിലീസ് ചിത്രം നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ കളക്ഷനാണ് രാവണപ്രഭു നേടിയിരിക്കുന്നത്. ട്രാക്കര്‍മാരായ ഫോറം കേരളത്തിന്‍റെ കണക്ക് പ്രകാരം കേരളത്തില്‍ ഒരു റീ റിലീസ് ചിത്രം നേടിയ ഏറ്റവും വലിയ ഓപണിംഗ് സ്ഫടികത്തിന്‍റെ പേരിലാണ്. മൂന്നാമത് മണിച്ചിത്രതാതഴ്, നാലാമത് ഛോട്ടാ മുംബൈ, അഞ്ചാമത് ദേവദൂതന്‍ എന്നിങ്ങനെയാണ് കേരളത്തിലെ റീ റിലീസുകളുടെ ടോപ്പ് ഓപണിംഗ് ലിസ്റ്റ്. അതേസമയം ഇന്ന് പുലര്‍ച്ചെ എത്തിയ കണക്ക് പ്രകാരം ശനിയാഴ്ചത്തേക്കുള്ള കേരള അഡ്വാന്‍സ് ബുക്കിംഗിലൂടെത്തന്നെ ചിത്രം 29 ലക്ഷം നേടിയിട്ടുണ്ട്. വാട്ട് ദി ഫസിന്‍റെ കണക്ക് പ്രകാരം ട്രാക്ക് ചെയ്യപ്പെട്ട 310 ഷോകളില്‍ നിന്ന് 18,000 ല്‍ അധികം ടിക്കറ്റുകളാണ് ശനിയാഴ്ചത്തേക്ക് ചിത്രം വിറ്റത്.

അതേസമയം കേരളത്തിന് പുറത്ത് ബെംഗളൂരുവിലും ചിത്രത്തിന് ആവേശകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ ഇതിന്‍റെ കണക്കുകള്‍ ലഭ്യമല്ല. കേരളത്തിലെ പല റിലീസിംഗ് സെന്‍ററുകളും പ്രേക്ഷക പങ്കാളിത്തം പരിഗണിച്ച് രാത്രി വൈകി അഡീഷണല്‍ ഷോസ് വച്ചിരുന്നു. ഈ വാരാന്ത്യത്തില്‍ ചിത്രം മികച്ച പ്രതികരണം നേടുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്