തുടരും ആണ് ലിസ്റ്റിലേക്ക് ഏറ്റവും ഒടുവിലെത്തിയ ചിത്രം
സമീപകാല മലയാള സിനിമയിലെ ഏറ്റവും ജനപ്രീതി നേടുന്ന ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും. ഏപ്രില്‍ 25 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ആറ് ദിനങ്ങള്‍ കൊണ്ട് തന്നെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി നേടിയിരുന്നു. ഇന്നലെ വരെയുള്ള കളക്ഷന്‍ കൊണ്ട് ചിത്രം മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് മാത്രം 50 കോടി ഗ്രോസ് എന്ന നേട്ടമാണ് അത്. ഒരു മോഹന്‍ലാല്‍ ചിത്രം ഈ നേട്ടം സ്വന്തമാക്കുന്നത് ഇത് ആദ്യമായല്ല. മറിച്ച് നാലാമത്തെ തവണയാണ്. പുലിമുരുകന്‍, ലൂസിഫര്‍, എമ്പുരാന്‍ എന്നിവയാണ് തുടരുമിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍. എന്നാല്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള താരം മോഹന്‍ലാല്‍ മാത്രമല്ല.
മലയാള സിനിമയിലെ മറ്റ് നാല് നായകന്മാര്‍ ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലിന് നാല് ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ മറ്റ് നാല് പേര്‍ക്കും സോളോ ഹീറോ ആയി എത്തിയ ഓരോ ചിത്രങ്ങള്‍ വീതമാണ് കേരളത്തിലെ 50 കോടി ക്ലബ്ബില്‍ ഉള്ളത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, നസ്‍ലെന്‍ എന്നിവരാണ് അവര്‍. യഥാക്രമം ആടുജീവിതം, എആര്‍എം, ആവേശം, പ്രേമലു എന്നിവയാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ടൊവിനോയുടെ 2018 എന്ന ചിത്രവും സമാന നേട്ടം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അതിനെ സോളോ ഹീറോ ചിത്രമെന്ന ഗണത്തില്‍ പെടുത്താനാവില്ല. ആര്‍ഡിഎക്സ്, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ ചിത്രങ്ങളും ഇതേ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. അവയും സോളോ ഹീറോ ചിത്രങ്ങള്‍ അല്ല.
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


