തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്‌ത ചിത്രം ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്
മലയാള സിനിമയുടെ സമീപകാലത്തെ മാര്‍ക്കറ്റ് വളര്‍ച്ച ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല. വൈഡ് റിലീസിലും ടിക്കറ്റ് നിരക്കിലെ വര്‍ധനവും കേരളത്തിലെ കളക്ഷനില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിനേക്കാള്‍ നേട്ടമുണ്ടാക്കിയിട്ടുള്ളത് മലയാള സിനിമയുടെ വിദേശ മാര്‍ക്കറ്റ് ആണ്. ഒരു കാലത്ത് മോളിവുഡിന്‍റെ വിദേശ മാര്‍ക്കറ്റ് ഗള്‍ഫ് മാത്രമായി ചുരുങ്ങിയിരുന്നുവെങ്കില്‍ ഇന്ന് അതല്ല സ്ഥിതി. യുകെ, യൂറോപ്പ്, യുഎസ്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, മലേഷ്യ എന്ന് തുടങ്ങി ആഫ്രിക്കന്‍ വന്‍കരയിലെ ചെറുരാജ്യങ്ങളില്‍ വരെ, മലയാളി സാന്നിധ്യമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും ഇന്ന് മലയാള സിനിമകള്‍ക്ക് റിലീസ് ഉണ്ട്. നാടുവിട്ട് നില്‍ക്കുന്നവരെ സംബന്ധിച്ച് റിലീസ് സമയത്ത് തങ്ങളുടെ ഭാഷയിലെ സിനിമകള്‍ കാണാനുള്ള അവസരം സാംസ്കാരികമായ ഒരു തൊടല്‍ കൂടിയാണ്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിക്കുന്ന എല്ലാ മലയാള സിനിമകള്‍ക്കും ഇന്ന് വിദേശത്ത് മികച്ച കളക്ഷന്‍ ലഭിക്കാറുണ്ട്. സമ്മിശ്ര അഭിപ്രായമാണെങ്കില്‍ക്കൂടി എമ്പുരാന് വമ്പന്‍ കളക്ഷനാണ് ഓവര്‍സീസില്‍ ലഭിച്ചത്. ഇപ്പോഴിതാ പോസിറ്റീവ് അഭിപ്രായം വന്ന തുടരും എന്ന മോഹന്‍ലാല്‍ ചിത്രവും വിദേശ കളക്ഷനില്‍ അത്ഭുതപ്പെടുത്തുകയാണ്.
റിലീസ് ദിനത്തിലെ ആഗോള കളക്ഷന്‍ സംബന്ധിച്ച ഫൈനല്‍ കണക്കുകള്‍ വരുമ്പോള്‍ ട്രാക്കര്‍മാര്‍ ആദ്യം പ്രവചിച്ചതിലും കോടികള്‍ കൂടുതല്‍ നേടിയിട്ടുണ്ട് ചിത്രം. ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് തുടരും ആദ്യ ദിനം നേടിയിരിക്കുന്നത് 16.65 കോടിയാണ്. ഇതില്‍ ഇന്ത്യയില്‍ നിന്ന് 6 കോടിയാണ് റിലീസ് ദിനത്തില്‍ നേടിയതെങ്കില്‍ വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിച്ചിരിക്കുന്നത് 10.65 കോടിയാണ്! ഇതോടെ മോളിവുഡിന്‍റെ എക്കാലത്തെയും ടോപ്പ് 5 ഓപണിംഗ് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട് ചിത്രം. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ചിത്രം.
മമ്മൂട്ടി ചിത്രം ഭീഷ്‍മ പര്‍വ്വം (14 കോടി), പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ (14.75 കോടി), ദുല്‍ഖര്‍ സല്‍മാന്‍റെ കിംഗ് ഓഫ് കൊത്ത (15.5 കോടി), പൃഥ്വിരാജിന്‍റെ ആടുജീവിതം (16.05 കോടി), മമ്മൂട്ടിയുടെ ടര്‍ബോ (16.25 കോടി) എന്നിവയെ പിന്തള്ളിയാണ് തുടരും അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ആദ്യ നാല് സ്ഥാനങ്ങളില്‍ മൂന്നും മോഹന്‍ലാല്‍ ചിത്രങ്ങള്‍ ആണെന്ന പ്രത്യേകതയും ഉണ്ട്. എമ്പുരാന്‍ (67 കോടി), മരക്കാര്‍ (20.3 കോടി), ദുല്‍ഖര്‍ സല്‍മാന്‍റെ കുറുപ്പ് (19 കോടി), ഒടിയന്‍ എന്നിവയാണ് ലിസ്റ്റില്‍ യഥാക്രമം ആദ്യ നാല് സ്ഥാനങ്ങളില്‍ ഉള്ളത്.
ALSO READ : 'ഉദ്‍ഘാടനങ്ങള്‍ക്ക് വന്‍ തുക'? കമന്‍റുകള്‍ക്ക് മറുപടിയുമായി പ്രേക്ഷകരുടെ 'അപ്പു'
