ബോളിവുഡ് സമീപകാലത്ത് കണ്ട ഏറ്റവും വലിയ ഹിറ്റ് എന്ന വിശേഷണമാണ് 'ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്കി'ന് ചേരുക. ആദ്യ അഞ്ച് ദിവസങ്ങളില്‍ 50 കോടിയും എട്ട് ദിനങ്ങളില്‍ 75 കോടിയും പത്ത് ദിനങ്ങളില്‍ 100 കോടിയും പിന്നിട്ട ചിത്രം 50 ദിനങ്ങള്‍ പിന്നിടുമ്പോഴും മികച്ച പ്രതികരണവുമായി തീയേറ്ററുകളില്‍ തുടരുകയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് 237.36 കോടി രൂപയെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിടുന്ന കണക്കുകള്‍.

ബോക്‌സ്ഓഫീസില്‍ 200 കോടി പിന്നിട്ടത് 28 ദിവസങ്ങളില്‍ ആയിരുന്നെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അറിയിക്കുന്നു. റിലീസില്‍ നിന്ന് അന്‍പതാം ദിനത്തിലേക്കുള്ള യാത്രയില്‍ ക്രമാനുഗതമായാണ് കളക്ഷന്‍ കുറഞ്ഞുവന്നത്. ഏഴാം വാരത്തിലും ചിത്രം 6.67 കോടി രൂപ നേടിയിരുന്നു. ലോംഗ് റണ്‍ അപൂര്‍വ്വമായ നിലവിലെ സാഹചര്യത്തില്‍ ശ്രദ്ധേയ കളക്ഷനാണ് അത്. 

'ഉറി' നേടിയ ആഴ്ച തിരിച്ചുള്ള കളക്ഷന്‍

ആദ്യ വാരം- 71.26 കോടി

രണ്ടാം വാരം- 62.77 കോടി

മൂന്നാം വാരം- 37.02 കോടി

നാലാം വാരം- 29.34 കോടി

അഞ്ചാം വാരം- 18.74 കോടി

ആറാം വാരം- 11.56 കോടി

ഏഴാം വാരം- 6.67 കോടി

ഇന്ത്യന്‍ സൈന്യം 2016ല്‍ നടത്തിയ മിന്നലാക്രമണം പശ്ചാത്തലമാകുന്ന സിനിമയാണ് 'ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്'. വിക്കി കൗശല്‍ നായകനായ ചിത്രം സംവിധാനം ചെയ്തത് ആദിത്യ ധര്‍ ആണ്. ജനുവരി 11നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. യുഎസ്, കാനഡ, യുഎഇ-ജിസിസി, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. കേരളത്തിലെ പ്രധാന സെന്ററുകളിലും ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചു. നഗരങ്ങളിലെ മള്‍ട്ടിപ്ലെക്‌സുകളില്‍ ഇപ്പോഴും ചിത്രത്തിന് പ്രദര്‍ശനങ്ങളുണ്ട് കേരളത്തില്‍.