ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണക്കമ്പനിയായ വേഫെയറര്‍ ഫിലിംസിന്റെ ആദ്യചിത്രമായിരുന്നു 'വരനെ ആവശ്യമുണ്ട്'. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ സംവിധായക അരങ്ങേറ്റം, ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്റെ സ്‌ക്രീനിലേക്ക് സുരേഷ് ഗോപിയുടെയും ശോഭനയുടെയും തിരിച്ചുവരവ്, പ്രിയദര്‍ശന്റെ മകള്‍ കല്യാണിയുടെ മലയാളത്തിലെ ആദ്യചിത്രം തുടങ്ങി നിരവധി പ്രത്യേകതകളോടെയാണ് 'വരനെ ആവശ്യമുണ്ട്' തീയേറ്ററുകളിലെത്തിയത്. ആദ്യനിര്‍മ്മാണസംരംഭം ദുല്‍ഖറിന് എന്തുതരം അനുഭവമാണ് നല്‍കിയത്? ചിത്രം തീയേറ്ററുകളില്‍ വിജയമാണോ? അതിനുള്ള ഉത്തരം കണക്കുകളുടെ രൂപത്തില്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണ് ദുല്‍ഖര്‍. 

ചിത്രം ഇതിനകം നേടിയ ആഗോള കളക്ഷന്‍ 25 കോടിയാണെന്ന് പറയുന്നു ദുല്‍ഖര്‍. 'ഞങ്ങളുടെ ആദ്യചിത്രത്തിന്റെ വിജയത്തില്‍ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു. ഈ സ്‌നേഹത്തിന് എല്ലാവരോടും സ്‌നേഹം' ചിത്രത്തിന്റെ കളക്ഷന്‍ പോസ്റ്ററിനൊപ്പം ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

റിട്ട. മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിച്ചിരിക്കുന്നത്. മകള്‍ക്കൊപ്പം ചെന്നൈയില്‍ താമസിക്കുന്ന നീന എന്ന കഥാപാത്രമായാണ് ശോഭന ചിത്രത്തില്‍ എത്തിയത്. ശോഭനയുടെ മകള്‍ കഥാപാത്രമായാണ് കല്യാണി എത്തിയത്. ചിത്രത്തിന്റെ നിര്‍മ്മാണത്തിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിരുന്നു ദുല്‍ഖര്‍. 

അതേസമയം വേഫെയറര്‍ ഫിലിംസിന്റേതായി രണ്ട് ചിത്രങ്ങള്‍ കൂടി പുറത്തുവരാനുണ്ട്. ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രം, ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ തന്നെ നായകനാവുന്ന 'കുറുപ്പ്' എന്നിവയാണ് വേഫെയററിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.