ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും അഭിനയിച്ച വാർ 2, ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. വൈആര്‍എഫ് സ്പൈ യൂണിവേഴ്സിലെ ഏറ്റവും കുറവ് ടിക്കറ്റ് വിറ്റ ചിത്രവുമാണ് വാർ 2.
സിനിമകളുടെ ജയപരാജയങ്ങള്‍ എപ്പോഴും അപ്രവചനീയമാണ്. വന്‍ ബാനറും താരസാന്നിധ്യങ്ങളും മികച്ച സംവിധായകരുമൊക്കെ എത്തി എന്നതുകൊണ്ട് ഒരു ചിത്രം പ്രതീക്ഷിച്ച വിജയം നേടണമെന്നില്ല. അതുപോലെ വലിയ അവകാശവാദങ്ങളില്ലാതെ, താരതമ്യേന ചെറിയ ബജറ്റില്‍ എത്തുന്ന ചിത്രങ്ങള്‍ വലിയ വിജയങ്ങളും ആവാറുണ്ട്. വന്‍ പ്രതീക്ഷയോടെയെത്തി എന്നാല്‍ നിര്‍മ്മാതാവിനെ നിരാശപ്പെടുത്തിയ ചിത്രങ്ങളുടെ പട്ടികയിലെ പുതിയ എന്‍ട്രി ബോളിവുഡില്‍ നിന്നാണ്. ഹൃത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച്, അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം വാര്‍ 2 ആണ് അത്.
ടൈഗറും പഠാനും ഒക്കെ അടങ്ങുന്ന യാഷ് രാജ് ഫിലിംസിന്‍റെ അഭിമാന ഫ്രാഞ്ചൈസി ആയ സ്പൈ യൂണിവേഴ്സിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായാണ് വാര്‍ 2 ഓഗസ്റ്റ് 14 ന് തിയറ്ററുകളില്‍ എത്തിയത്. ഹൃത്വിക്കിനൊപ്പം ജൂനിയര്‍ എന്‍ടിആറിന്‍റെ സാന്നിധ്യം ഈ ചിത്രത്തിന് തെന്നിന്ത്യന്‍ മാര്‍ക്കറ്റില്‍, വിശേഷിച്ചും തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിക്കൊടുക്കുമെന്ന് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിച്ചു. ചെറിയ രീതിയില്‍ അത് ഉണ്ടായെങ്കിലും ബോക്സ് ഓഫീസില്‍ നിര്‍മ്മാതാക്കള്‍ പ്രതീക്ഷിച്ച കളക്ഷന്‍ വന്നില്ല.
തിയറ്റര്‍ റണ്‍ അവസാനിപ്പിക്കുമ്പോള്‍ എല്ലാ ഭാഷാ പതിപ്പുകളും ചേര്‍ത്ത് വാര്‍ 2 ഇന്ത്യയില്‍ നിന്ന് നേടിയത് 244 കോടിയാണ്. അതില്‍ 184.99 കോടി വന്നത് ഹിന്ദി പതിപ്പില്‍ നിന്ന് തന്നെയാണ്. ബാക്കിയുള്ളത് തമിഴ്, തെലുങ്ക് പതിപ്പുകളില്‍ നിന്നും. ഛാവയ്ക്ക് ശേഷം ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് 500 കോടി നേടുമെന്ന് ഇന്‍ഡസ്ട്രി പ്രതീക്ഷിച്ചിരുന്ന ചിത്രമാണ് ഇത്. എന്നാല്‍ അത് സ്വപ്നമായി അവശേഷിച്ചു. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രത്തിന് നേടാനായത് 371.26 കോടിയാണ്. ആഗോള ബോക്സ് ഓഫീസില്‍ ഈ വര്‍ഷം ഏറ്റവും കളക്റ്റ് ചെയ്യുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമായി മാറിയെങ്കിലും ഈ ചിത്രത്തില്‍ നിന്ന് നിര്‍മ്മാതാക്കള് പ്രതീക്ഷിച്ചത് എന്താണോ അത് നടന്നില്ല എന്നതാണ് വസ്തുത.
വൈആര്‍എഫ് സ്പൈ യൂണിവേഴ്സ് ചിത്രങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കുറവ് ടിക്കറ്റ് വിറ്റ് ചിത്രവും വാര്‍ 2 ആണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് ചിത്രം ഇന്ത്യയില്‍ വിറ്റത് 1.20 കോടി ടിക്കറ്റുകളാണ്. ടൈഗര്‍ 3, 1.60 കോടി ടിക്കറ്റുകളും ഏക് ഥാ ടൈഗര്‍ 2.47 കോടി ടിക്കറ്റുകളും ടൈഗര്‍ സിന്ദാ ഹെ 3.09 കോടി ടിക്കറ്റുകളുമാണ് ഇന്ത്യയില്‍ വിറ്റത്. പഠാന്‍ 3.49 കോടി ടിക്കറ്റുകളും.

