രണ്ട് ചിത്രങ്ങളും ഇന്നാണ് എത്തിയത്

ഇന്ത്യന്‍ സിനിമയിലെ പ്രധാന റിലീസ് സീസണുകളില്‍ ഒന്നായ സ്വാതന്ത്ര്യദിന വാരാന്ത്യത്തില്‍ ഇക്കുറി രണ്ട് പ്രധാന ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്തിരിക്കുന്ന തമിഴ് ചിത്രം കൂലി, ഹൃത്വിക് റോഷന്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത വാര്‍ 2 എന്നിവയാണ് ആ ചിത്രങ്ങള്‍. ഒരുമിച്ചെത്തുന്ന ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങള്‍ ആയതിനാല്‍ത്തന്നെ ബോക്സ് ഓഫീസില്‍ ഇവ തമ്മിലുള്ള താരതമ്യം റിലീസിന് മുന്‍പേ ആരംഭിച്ചിരുന്നു.

അഡ്വാന്‍സ് ബുക്കിംഗില്‍ വാര്‍ 2 നേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു കൂലി. ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ അഡ്വാന്‍സ് ബുക്കിംഗില്‍ വാര്‍ 2 നേക്കാള്‍ 3 ഇരട്ടി കളക്ഷന്‍ നേടിയിരുന്നു കൂലി. നോര്‍ത്ത് അമേരിക്കയില്‍ നാലിരട്ടി അധികവും. ഇന്ത്യയില്‍ നിന്ന് മാത്രം കൂലി 100 കോടിയില്‍ അധികം പ്രീ സെയില്‍സില്‍ നേടിയിരുന്നു. റിലീസ് വാരാന്ത്യ ദിനങ്ങളിലേക്കുള്ള ബുക്കിംഗിലൂടെ ആയിരുന്നു ഇത്. വാര്‍ 2 റിലീസ് ദിനത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേടിയ അഡ്വാന്‍സ് ബുക്കിംഗ് തുക (ബ്ലോക്ക്ഡ് സീറ്റുകള്‍ കൂടി ചേര്‍ത്ത്) 32.21 കോടി ആയിരുന്നു. ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോമുകളിലൊക്കെ വാര്‍ 2 നേക്കാള്‍ മുന്നില്‍ കൂലി ആയിരുന്നു, ഇന്നലെ വരെ. എന്നാല്‍ റിലീസ് ദിനത്തിലെ ആദ്യ ഷോകള്‍ക്കിപ്പുറം കൗതുകകരമായ ചില മാറ്റങ്ങള്‍ സംഭവിച്ചിരിക്കുകയാണ്.

പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയുടെ കണക്ക് അനുസരിച്ച് കൂലി അവസാന ഒരു മണിക്കൂറില്‍ വിറ്റത് 33000 ല്‍ അധികം ടിക്കറ്റുകളാണ്. അതേസ്ഥാനത്ത് വാര്‍ 2 വിറ്റിരിക്കുന്നത് 39000 ല്‍ അധികം ടിക്കറ്റുകളുമാണ്. വന്‍ ഹൈപ്പോടെ എത്തിയിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ക്കും ആദ്യ ഷോകള്‍ക്കിപ്പുറം സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇരു ചിത്രങ്ങളും ആദ്യ ദിനത്തില്‍ നേടുന്ന കളക്ഷന്‍ എത്രയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ചലച്ചിത്ര ലോകം.

കൂട്ടത്തില്‍ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് കൂലിയ്ക്ക് ആയിരുന്നു. ലോകേഷ് കനകരാജ് രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം എന്നതായിരുന്നു ഇതിന് പ്രധാന കാരണം.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News