ചിത്രീകരണം ആരംഭിച്ചത് മുതല്‍ വിവാദ വിഷയമായി മാറിയ സഞ്ജയ്‌ ലീലാ ബന്‍സാലി ചിത്രം പദ്മാവതില്‍ സെന്‍സറിംഗിന് ശേഷം മാറ്റങ്ങള്‍ ഏറെ. പദ്മാവതി എന്ന പേര് പദ്മാവത് എന്ന് മാറ്റിയതിന് പുറമെ ദീപികയുടെ നൃത്തമടങ്ങിയ 'ഗൂമര്‍' എന്ന ഗാനത്തിലും മാറ്റങ്ങള്‍ വരുത്തിയുള്ള വീഡിയോ പുറത്തിറങ്ങി. 

ആദ്യം പുറത്തിറങ്ങിയ വീഡിയോയില്‍നിന്ന് വ്യത്യസ്തമായി ദീപികയുടെ വസ്ത്രങ്ങള്‍ക്ക് കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മാറ്റം വരുത്തിയാണ് വീഡിയോ പുറത്തെത്തിച്ചിരിക്കുന്നത്. വയറിന് ഭാഗത്തെ ശരീരം പൂര്‍ണമായും മറച്ചുകൊണ്ടുള്ളതാണ് പുതിയ വീഡിയോ. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് വീഡിയോ യൂട്യൂബിലൂടെ റിലീസ് ചെയ്തത്.

ജനുവരി 25ന് പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ചിത്ത്രതിന് നിരവധി തിരുത്തലുകള്‍ക്ക് ശേഷമാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. രാജസ്ഥാനിലെ റാണിയായിരുന്ന പദ്മാതിയുടെ പ്രണയകഥ പറയുന്ന ചിത്രത്തിന് നേരെ രജസ്ഥാന്‍ കര്‍ണിസേന ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുകയാണ്. ചിത്രത്തില്‍ രജപുത്ര സംസ്‌കാരത്തെ വികലമാക്കുന്ന രംഗങ്ങള്‍ ഉണ്ടെന്ന വിവാദത്തെ തുടര്‍ന്നാണ് വിവിധ ഭാഗങ്ങളില്‍നിന്ന് എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയത്. 

ദീപിക പദുകോണും ഷാഹിദ് കപൂറും രണ്‍വീര്‍ സിങ്ങും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ റാണി പത്മാവതിയുടെ വീരചരിത്രം വികലമായി ചിത്രീകരിച്ചെന്ന ആരോപണങ്ങളെത്തുടര്‍ന്നു ചരിത്ര വിദഗ്ധരുള്‍പ്പെട്ട സമിതി ചിത്രം കണ്ട ശേഷമായിരുന്നു ഫിലിം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്