ബെംഗളൂരു: സമര ചിത്രീകരണത്തിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അതിരുവിട്ടപ്പോള്‍ മലയാള ചിത്രത്തിന്റെ ലൊക്കേഷനില്‍ കൂട്ടത്തല്ല്. ആസിഫ് അലി നായകനാവുന്ന ബി ടെക് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലെ തമ്മിലടി കാരണം തടസ്സപ്പെട്ടു. ബെംഗളൂരുവിലായിരുന്നു സംഭവം.
നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ബി ടെകിന്റെ അവസാന രംഗങ്ങളാണ് ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ ചിത്രീകരിച്ചത്. സമരവും പൊലീസ് ഇടപെടലുമൊക്കെയായിരുന്നു രംഗം. ആസിഫ് അലി,അപര്‍ണ ബാലമുരളി,അജു വര്‍ഗീസ്,സൈജു കുറുപ്പ് തുടങ്ങിയവരെല്ലാം ഉളള രംഗത്തില്‍ നാനൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെയും സാന്നിധ്യം. ഭൂരിഭാഗം പേരും കര്‍ണാടകത്തില്‍ നിന്നുളളവര്‍. സമരത്തിനിടയിലെ പൊലീസ് ലാത്തിച്ചാര്‍ജ് തുടങ്ങിയപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. അഭിനയം മറന്ന് ചിലര്‍ യഥാര്‍ത്ഥ പൊലീസായി. തല്ല് ഒറിജിനലായി.
താരങ്ങള്‍ തിരിച്ചും പ്രതികരിച്ചു.സംഭവത്തിന് ശേഷം സംവിധായകന്‍ ദേഷ്യപ്പെട്ടതോടെ പ്രകോപിതരായ ചിലര്‍ ലൊക്കേഷനിലെ വാഹനങ്ങള്‍ക്കും കേടുപാടുണ്ടാക്കി.ഷൂട്ടിങ് കുറച്ചുസമയത്തേക്ക് തടസ്സപ്പെട്ടു. അഭിനയം വിട്ട് ആര്‍ട്ടിസ്റ്റുകള്‍ ജീവിക്കാന്‍ തുടങ്ങിയതാണ് ആക്രമണത്തിനിടയാക്കിയത്. കുറച്ച് സമയയത്തിനുശേഷം രംഗം ശാന്തമായിയെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ലീജ മാത്യു ഏഷ്യനെറ്റ് ന്യൂസിനോട് പര്തികരിച്ചു. ഒടുവില്‍, യഥാര്‍ത്ഥ പൊലീസ് ഇടപെട്ടതോടെയാണ് രംഗം ശാന്തമായത്. ബാക്കി രംഗങ്ങള്‍ കൂടി ചിത്രീകരിച്ച ശേഷം സംഘം ബെംഗളൂരുവില്‍ നിന്ന് മടങ്ങി.
