ചെങ്ങഴി നമ്പ്യാര്‍ ഉപേക്ഷിച്ചിട്ടില്ല 

തിരുവനന്തപുരം: മലയാള സിനിമയില്‍ ചരിത്ര സിനിമകളുടെ കാലമാണ് വരാനിരിക്കുന്നത്. സുപ്പര്‍ സ്റ്റാറുകളും യുവതാരങ്ങളുമെല്ലാം വമ്പന്‍ ബജറ്റില്‍ വരുന്ന ചരിത്ര സിനിമകളുടെ ഭാഗമായി വെള്ളിത്തിരയിലെത്താന്‍ പോകുന്നു. ആയിരം കോടിയുടെ ബജറ്റില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന രണ്ടാമൂഴം, മോഹന്‍ലാലിന്‍റെ തന്നെ കുഞ്ഞാലിമരയ്ക്കാര്‍- അറബിക്കടലിന്‍റെ സിംഹം, മമ്മൂട്ടിയുടെ മാമാങ്കവും കുഞ്ഞാലിമരയ്ക്കാരും, പ്രത്വിരാജിന്‍റെ കാളിയാന്‍, റാണ ദഗ്ഗുബട്ടിയുടെ മാര്‍ത്താണ്ഡവര്‍മ്മ എന്നിങ്ങനെ ചരിത്ര സിനിമകളുടെ പട്ടികയുടെ നീളം കൂടുകയാണ്.

ചെറിയ കാലം കൊണ്ട് മലയാള സിനിമയില്‍ ആരാധകരെ സൃഷ്ടിച്ച ടൊവിനോ തോമസിന്‍റെ പേരും ഒരു വമ്പന്‍ പ്രോജക്ടിനൊപ്പം പറഞ്ഞു കേട്ടിരുന്നു. സിധില്‍ സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്യുന്ന ചെങ്ങഴി നമ്പ്യാരില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത് ടൊവിനോയാണ്. ഏകദേശം ഒരു വര്‍ഷം മുമ്പ് പ്രഖ്യാപനം നടന്നെങ്കിലും സിനിമയെപ്പറ്റി പിന്നീടൊന്നം പറഞ്ഞു കേട്ടിരുന്നില്ല.

ചെങ്ങഴി നമ്പ്യാര്‍ ഉപേക്ഷിച്ചതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് ഇപ്പോള്‍ വിശദീകരണവുമായി ടൊവിനോ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ചെങ്ങഴി നമ്പ്യാര്‍ എന്ന സിനിമയില്‍ താന്‍ ഭാഗമാണ്. ഈ സിനിമയ്ക്കായുള്ള തയാറെടുപ്പിനും ഷൂട്ടിംഗ് തുടങ്ങാനും കൂടുതല്‍ സമയം ആവശ്യമുണ്ട്. അടുത്ത വര്‍ഷം അവസാനത്തോടെ ചിത്രം ആരംഭിക്കാന്‍ സാധിക്കുമെന്നും ടൊവിനോ ടെെംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ട്രെന്‍ഡ് ആയതിനാല്‍ ചരിത്ര സിനിമ ചെയ്യാനില്ല. അതിനായി നന്നായി തയാറെടുക്കണം. സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും ആ സിനിമയെ മികച്ച രീതിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാമെന്നുള്ള വിശ്വാസം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തീവണ്ടി, മറഡോണ, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളാണ് ടൊവിനോയുടേതായി ഇനി പുറത്തിറങ്ങാന്‍ പോകുന്നത്.