ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് മഹാവീര്‍ കര്‍ണന്‍. നേരത്തെ പൃഥ്വിരാജിനെ നായകനാക്കി മലയാളത്തില്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച സിനിമ ചിയാന്‍ വിക്രമിനെ നായകനാക്കി ഹിന്ദിയില്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ താന്‍ കരാറൊപ്പിട്ടതിന് ശേഷമാണ് ഇതേ ചിത്രം പൃഥിരാജിനെ നായകനാക്കി മലയാളത്തില്‍ ആലോചിച്ചിരുന്നതായി അറിഞ്ഞതെന്ന് നടന്‍ വിക്രം ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

 അറിഞ്ഞപ്പോള്‍ തന്നെ സംവിധായകന്‍ ആര്‍ എസ് വിമലിനോട് അന്വേഷിച്ചിരുന്നു. ബജറ്റ് അടക്കമുള്ള കാരണങ്ങളാല്‍ മലയാളത്തില്‍ ആ സിനിമ ചെയ്യാനുള്ള ശ്രമം രണ്ട് വര്‍ഷം മുന്‍പ് ഉപേക്ഷിച്ചതാണ്, പൃഥ്വി എന്റെ വലിയ സുഹൃത്താണ്. ഇക്കാര്യം പൃഥ്വിയെ വിളിച്ചും സംസാരിച്ചു. പ്രശ്‌നമില്ലെന്നും മലയാളത്തില്‍ ആ ബജറ്റില്‍ സിനിമ നടക്കില്ലെന്നുമാണ് പറഞ്ഞത്. വലിയ ബജറ്റില്‍ ഹിന്ദിയിലാണ് സിനിമ ചെയ്യുന്നത്. ഫെബ്രുവരി അവസാനം വിശദാംശങ്ങള്‍ അറിയാനാകും.

 മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കര്‍ണന്‍. 300 മുടക്കിയാണ് ചരിത്ര സിനിമ പിറവിയെടുക്കുന്നത്. യുണൈറ്റഡ് ഫിലിം കിങ്ഡം നിര്‍മിക്കുന്ന ചിത്രം 2019 ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ആര്‍ എസ് വിമല്‍ പറഞ്ഞു.