ഹൈദരാബാദ്: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലവ് എന്ന ചിത്രത്തിലെ വൈറലായ ഗാനം മാണിക്യ മലരായ പൂവിക്കെതിരെ ഹൈദരാബാദില്‍ യുവാക്കള്‍ പരാതി നല്‍കി. ഫലകുനാമ പൊലീസ് സ്റ്റേഷനിലാണ് യുവാക്കള്‍ പരാതിയുമായി എത്തിയത്. എന്നാല്‍ പരാതിയില്‍ പൊലീസ് ഇതുവരെ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
പാട്ടിലെ വരികള്‍ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തപ്പോള്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിക്കുന്ന തരത്തിലാണെന്നും വരികളെ നിന്ദിക്കുന്ന വിധത്തിലായെന്നും പരാതിയില്‍ പറയുന്നു. ഫേസ്ബുക്ക് ലൈവില്‍ വന്ന അദ്നാന് പാട്ടിന്റെ ഇംഗ്ലീഷ് തര്‍ജമയും പങ്കുവെച്ചിരുന്നു. പാട്ട് ഒരുക്കിയവര്‍ക്കെതിരെയാണ് പരാതിയെന്നും നായികക്കെതിരല്ലെന്നും യുവാക്കള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സാമൂഹമാധ്യമങ്ങളില്‍ പരാതി നല്‍കിയ യുവാക്കള്‍ക്കെതിരെ നിരവധിപേരാണ് രംഗത്ത് വന്നത്. പ്രശസ്തി നേടാനുള്ള ശ്രമമാണ് ഇവരുടേതെന്നും പരാതിപ്പെടാന്‍ മാത്രം പാട്ടില്‍ ഒരു വികാരത്തെയും വ്രണപ്പെടുത്തുന്നില്ലെന്നും അവര്‍ പറയുന്നു.
