കൊച്ചി: ആക്രമണത്തിന് ഇരയാക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് അജു വര്‍ഗ്ഗീസിനെതിരായ കേസ് റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് അജു വര്‍ഗ്ഗീസ് നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. അജുവിനെതിരെ പരാതി നല്‍കിയ കളമശേരി സ്വദേശിക്ക് നോട്ടീസ് അയക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

കേസ് കോടതി സ്ഥിരം ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. കേസ് റദ്ദാക്കിയാല്‍ സമുഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രശ്നമായി ഇതിനെ കാണാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാറിന്റെ ഈ വാദം കോടതി അംഗീകരിച്ചു. എന്നാല്‍ കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കുന്നതില്‍ വിരോധമില്ലെന്ന് കാണിച്ച്, ഇരയായ നടി നല്‍കിയ സത്യവാങ്‌മൂലവും അജു വര്‍ഗ്ഗീസിന്റെ ഹര്‍ജിക്കൊപ്പം നല്‍കിയിരുന്നു. അജു വര്‍ഗ്ഗീസും താനും സുഹൃത്തുക്കളാണെന്നും പരാമര്‍ശം ദുരുദ്ദേശപരമായി കാണുന്നില്ലെന്നും സത്യവാങ്‌മൂലത്തില്‍ നടി പറഞ്ഞിരുന്നു. അതുകൊണ്ട് എഫ്.ഐ.ആര്‍ റദ്ദാക്കുന്നതില്‍ വിരോധമില്ലെന്നും ഇരയായ നടി സത്യവാങ്‌മൂലത്തില്‍ ചുണ്ടികാട്ടിയിരുന്നു. എന്നാല്‍ ഇത് പ്രോസിക്യൂഷന്‍ എതിര്‍ക്കുകയായിരുന്നു.