വ്യത്യസ്ത പശ്ചാത്തലത്തിലുള്ള പത്തു സ്ത്രീകളുടെ ജീവിതം പറയുന്ന പത്തു കഥകൾ അവ പതിനഞ്ചു മിനിറ്റ നീളുന്ന ഹ്രസ്വചിത്രങ്ങളാക്കി കോർത്തിണക്കി പ്രേക്ഷകനു മുന്നിൽ എത്തുകയാണ് ക്രോസ് റോഡ് എന്ന പേരിൽ. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും അവർ എങ്ങനെ ആ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കുന്നു എന്നതുമാണ് ഒരോ ചിത്രങ്ങളുടെയും കഥാ തന്തു.

സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ കഥ പറയുന്ന ഇത്തരമൊരു കലാസൃഷ്ടി മലയാള സിനിമയിൽ ആദ്യമായിട്ടായിരിക്കും. ബദർ, ചെരിവ്, കാവൽ,കൊടേഷ്യൻ, ലേക്ക് ഹൗസ്, മൗനം, ഒരുരാത്രിയുടെ കൂലി, പക്ഷികളുടെ മണം, മുദ്ര, പിൻപേ നടപ്പവൾ എന്നിവയാണ് ആ പത്തു സിനിമകൾ. 

ലെനിൻ രാജേന്ദ്രൻ, മധുപാൽ, ശശി പറവൂർ, നേമം പുഷ്പരാജ്, ആൽബർട്ട്, ബാബു തിരുവല്ല, പ്രദീപ് നായർ, അവിരാ റെബേക്കാ, അശോക് ആർ നാഥ്, നയന സൂര്യൻ എന്നിവർ സംവിധാനം ചെയ്യുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങൾ പ്രമേയമാക്കിയാണ് ചിത്രം. 10 നായികമാരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 

മംമ്ത മോഹൻ ദാസ്, ഇഷാ തൽവാർ, പത്മപ്രിയ, മൈതിലി, പ്രിയങ്ക നായർ, സൃന്ദ, പുന്നശ്ശേരി കാഞ്ചന, റിച്ച, മാനസ, അഞ്ചന ചന്ദ്രൻ തുടങ്ങിയവരാണ് ചിത്രങ്ങളിലെ നായികമാർ. ചിത്രത്തിൻ്റെ ഓഫിഷ്യൽ ടീസർ ഇതിനൊടകം തന്നെ മികച്ച പ്രതികരണമാണ് നേടുന്നത്. 

ആറ് വയസ്സുകാരിയായ മാനസ മുതൽ 85 വയസ്സുകാരിയായ കാഞ്ചനവരെ നീളുന്ന മലയാളചലച്ചിത്രരംഗത്തെ പ്രമുഖ നടിമാരുടെ അഭിനയമികവ് ടീസറിൽ നിന്ന് തന്നെ ഏറെകുറെ പ്രേക്ഷകർക്ക് ലഭിക്കുന്നുണ്ട്. സ്ത്രീയെന്ന ഒറ്റ പ്രമേയത്തിൽ ഒരുക്കുന്ന പത്ത് ചിത്രങ്ങളുടെ കൂട്ടായ്മയെ സ്ത്രീകൾ അടങ്ങുന്ന സിനിമാപ്രേമികൾ വളരെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.