കമല്‍ സംവിധാനം ചെയ്യുന്ന 'ആമി'യില്‍ മാധവിക്കുട്ടിയുടെ വേഷം ചെയ്യാനിരിക്കുന്ന മഞ്ജു വാര്യര്‍ക്കെതിരെ വര്‍ഗ്ഗീയവാദികളുടെ സൈബര്‍ ആക്രമണം. മഞ്ജു വാര്യരുടെ ഫേസ്ബുക്കിലും സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലുമാണ് ഹിന്ദുത്വവാദികള്‍ മഞ്ജുവിനെതിരെ പ്രതിഷേധമുയര്‍ത്തുന്നത്.
മാധവിക്കുട്ടിയുടെ ആത്മാവിനെ വേദനിപ്പിക്കരുതെന്നും,കമാലിന്‍റെ ശ്രമം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കാനാണെന്നും ചിലര്‍ കമന്‍റില്‍ വിമര്‍ശനം ഉയര്‍ത്തുന്നു. കെയര്‍ ഓഫ് സൈറാബാനു എന്ന സിനിമയിലെ തട്ടമിട്ട് നില്‍ക്കുന്ന ചിത്രത്തിന് താഴെയാണ് ഏറെയും കമന്‍റുകള്‍.
നേരത്തെ വിദ്യാ ബാലനെയാണ് കമലാ സുരയ്യയുടെ ജീവചരിത്ര സിനിമയായ ആമിയില്‍ നായികായി നിശ്ചയിച്ചിരുന്നത്. കഥാപാത്രത്തിനായി ഒരു മാസത്തോളം മലയാളം പഠിക്കുകയും ഫോട്ടോഷൂട്ടില്‍ പങ്കെടുത്തതിനും പിന്നാലെ വിദ്യ സിനിമയില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
വിദ്യയുടെ കൃത്യമായ വിശദീകരണമില്ലാതെയുള്ള പിന്‍മാറ്റം അധാര്‍മ്മികമാണെന്ന് കമല്‍ പ്രതികരിച്ചിരുന്നു. പിന്നീടാണ് നായികയായി മഞ്ജു വാര്യര്‍ എത്തുന്നത്. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയാണ് കമല്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ തുടങ്ങാനിരിക്കുകയാണ്.
