തൃശൂർ: ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തീയറ്റർ അടച്ചു പൂട്ടി. ടിക്കറ്റുകൾ നേരത്തേ വിറ്റഴിഞ്ഞതിനാൽ വെള്ളിയാഴ്ച കൂടി പ്രദർശനം നടത്താൻ അനുവദിച്ച ശേഷമാണ് തിയേറ്റർ പൂട്ടിയത്. തിയറ്റർ പൂട്ടിക്കാനെത്തിയ നഗരസഭ അധികൃതരെ ജീവനക്കാർ തടഞ്ഞത് ബഹളത്തിനിടയാക്കി.
ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതിനാൽ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയേറ്റർ അടച്ചു പൂട്ടണമെന്ന് ചാലക്കുടി നഗരസഭ വിളിച്ചു ചേർത്ത പ്രത്യേക കൗൺസിൽ യോഗം ഐക്യകണ്ഠേന തീരുമാനിച്ചിരുന്നു. സാങ്കേതിക നടപടികൾ പൂർത്തിയാക്കി ഇന്നലെ വൈകുന്നേരം ആറ് മണിയോടെ തീയറ്റർ പൂട്ടാൻ നഗരസഭ അധികൃതരും പൊലീസുമെത്തി. അവസാനത്തെ രണ്ട് ഷോകൾക്കുള്ള ടിക്കറ്റ് വിറ്റുപോയതിനാൽ തിയറ്റർ അടക്കാനാകില്ലെന്ന് ജീവനക്കാർ നിലപാടെടുത്തതോടെ നടപടികൾ തടസ്സപ്പെട്ടു. തുടർന്ന് ദിലീപിന്റെ സഹോദരൻ അനൂപ് നഗരസഭ അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്ന് സെക്കൻഡ് ഷോ വരെ പ്രദർശനം തുടരാൻ നഗരസഭ അനുമതി നൽകി.
കഴിഞ്ഞ മാര്‍ച്ചിൽ തീയറ്ററിന്റെ ലൈസന്‍സ് കാലാവധി കഴിഞ്ഞിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സമ്മതപത്രമില്ലാതെ അപേക്ഷ നല്‍കിയിരുന്നതിനാൽ നഗരസഭ ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നില്ല. പരാതിയെ തുടര്‍ന്ന് വെള്ളിയാഴ്‌ച തീയറ്റര്‍ അധികൃതർ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിപത്രം ഹാജരാക്കി. എന്നാൽ മറ്റ് ക്രമക്കേടുകൾ പരിഹരിക്കാത്തതിനാൽ നടപടികളുമായി നഗരസഭ മുന്നോട്ട് പോവുകയായിരുന്നു.
