കാവ്യാ മാധവനുമായുള്ള തന്റെ വിവാഹത്തിന് മകള്‍ മീനാക്ഷിയുടെ എല്ലാ പിന്തുണയുമുണ്ടെന്ന് നടന്‍ ദിലീപ്. വിവാഹത്തിന് ഇരുകുടുംബങ്ങളുടെയും പിന്തുണയുണ്ട്. പ്രേക്ഷകരുടെ എല്ലാ പിന്തുണയും ആശംസയും വേണമെന്നും ദിലീപ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

കാവ്യയുമായുള്ള വിവാഹത്തെക്കുറിച്ച് മുമ്പ് പലവട്ടം ചോദ്യങ്ങളുയര്‍ന്നപ്പോഴും ദിലീപ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. 'വീടുകളില്‍ സാധാരണ കല്യാണക്കാര്യങ്ങളൊക്കെ സംസാരിക്കുന്നതും തീരുമാനമെടുക്കുന്നതും അച്ഛനമ്മമാരോട് ചോദിച്ചിട്ടാണ്. എന്റെ കാര്യത്തില്‍ മകളോടാണ് ചോദിക്കേണ്ടത്. മീനൂട്ടിയാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. അവളുടെ മുന്നില്‍ ഞാനൊരു കൊച്ചുകുട്ടിയാണ്.' മകളും സമ്മതിച്ചാലോ എന്ന ചോദ്യത്തിന് 'അത് അപ്പോഴല്ലേ' എന്ന് തമാശമട്ടില്‍ മറുപടി പറഞ്ഞൊഴിയുകയായിരുന്നു ദിലീപ്.