ചെന്നൈ: തമിഴ് സിനിമാ ലോകത്ത് തമ്മിലടി രൂക്ഷം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലും ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയും തമ്മിലുള്ള തര്‍ക്കമാണ് പുതിയ തലത്തിലെത്തിയിരിക്കുന്നത്. തര്‍ക്കത്തെ തുടര്‍ന്ന് നടന്‍ വിശാലിനെതിരെ വധഭീഷണി വരെയെത്തിയിരിക്കുകയാണ് കാര്യങ്ങള്‍. ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയാണ് വിശാല്‍. 

ഒരു വാട്‌സ്ആപ്പ് നമ്പരില്‍ നിന്നുമാണ് വിശാലിന് വധഭീഷണി ലഭിച്ചത്. വിശാല്‍ കൊല്ലപ്പെടുമെന്നാണ് സന്ദേശം. ഇതിനെതിരെ നിര്‍മ്മാതാവ് മണിമാരന്‍ പരാതി നല്‍കി. സംഘടനയുടെ ഓഫീസ് ജോലി ചെയ്യുന്ന ധനപാലാണ് ഭീഷണിക്ക് പിന്നിലെന്നാണ് മണിമാരന്റെ ആരോപണം. സംഭവത്തില്‍ ധനപാലിനെതിരെ കമ്മീഷണര്‍ക്ക് പരാതി നല്‍കി. 

നേരത്തെയും വിശാലിനെതിരെ ധനപാല്‍ വധഭീഷണി മുഴക്കിയിട്ടുണ്ടെന്ന് മണിമാരന്‍ പറഞ്ഞു. അതിനാലാണ് ധനപാലിനെതിരെ പരാതി നല്‍കിയത്. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയില്‍ അംഗമല്ലാത്തവര്‍ക്കും സിനിമയില്‍ ജോലി നല്‍കുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വിശാല്‍ പ്രഖ്യാപിച്ചിരുന്നു. ഇതാണ് വധഭീഷണിക്ക് കാരണമെന്നാണ് മണിമാരന്റെ ആരോപണം.