നടി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച ചലച്ചിത്ര പ്രവര്‍ത്തകരെ വിമര്‍ശിച്ച് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. ഫേസ്ബുക്ക് പേജിലൂടെയാണ് ദീദി ദാമോദരന്റെ വിമര്‍ശനം
ദീദി ദാമോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്
കുറ്റാരോപിതനുള്ള പിന്തുണയുമായി ചലച്ചിത്ര പ്രവര്‍ത്തകരുടെ ജയിലിലേക്കുള്ള കൂട്ട തീര്‍ത്ഥയാത്രയില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. അതു തന്നെയാണവര്‍ പിന്നിട്ട 89 വര്‍ഷമായി സിനിമയിലും ചെയ്തു പോന്നിട്ടുള്ളത്. അത് നിര്‍വ്വഹിച്ചു കൊടുക്കുന്ന പണി മാത്രമായിരുന്നു സ്ത്രീകള്‍ക്ക്. ഇപ്പോഴുണ്ടായ വ്യത്യാസം ചരിത്രപരമാണ്. അത് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി പരാതിപ്പെട്ടു എന്നതാണ്. അവള്‍ക്കൊപ്പം നില്‍ക്കാന്‍ ഒരു പെണ്‍കുട്ടി ഉണ്ടായി എന്നതാണ്. പതിവുകള്‍ തെറ്റിച്ചു കൊണ്ട് അധികാരികള്‍ മൂകരും ബധിരരും അല്ലെന്ന് സാക്ഷ്യപ്പെടുത്തി എന്നതാണ്. അത് നാമിന്നോളം കണ്ട ആണ്‍ തിരക്കഥകളിലെ തിരുത്താണ്. ഈ തിരുത്ത് നാളെ ആര്‍ക്കു നേരെയും ഉയരാം എന്ന സാധ്യതയാണ് ഭീതിയായി അതിനെ മുളയിലേ നുള്ളാനുള്ള ഈ വ്യഗ്രതയുടെ അടിസ്ഥാനം. കൂട്ടയാത്രയുടെ ഉള്ളടക്കം അതു മാത്രമാണ്. ഈ തിരുത്ത് അവരുടെ ധാര്‍ഷ്ട്യത്തിനേറ്റ (ചെറുതെങ്കിലുമായ) ആഘാതമാണ് . ഹൃദയത്തിലുണ്ടായ (മാരകമല്ലാത്തതെങ്കിലും) ഒരു സുഷിരമാണ്. അതെങ്ങിനെ അവരെ അങ്കലാപ്പിലാക്കാതിരിക്കും.
