ബാഹുബലി 2ല്‍ ദേവസേന എന്ന ധീരവനിതയെ അവതരിപ്പിച്ച അനുഷ്‌ക ഷെട്ടി ഏറെ കൈയടി നേടി. വ്യക്തമായ നിലപാടും, അത് എവിടെയും തന്റേടത്തോടെ പറയുകയും ചെയ്യുന്ന ദേവസേന സ്‌ത്രീശക്തിയുടെ പ്രതീകമായാണ് ബാഹുബലി 2ല്‍ നിറഞ്ഞുനില്‍ക്കുന്നത്. ഏതായാലും സിനിമകൊണ്ട് ദേവസേനയുടെ ജീവിതകഥ അവസാനിക്കുന്നില്ല. ദേവസേനയെ കേന്ദ്രകഥാപാത്രമാക്കി ടിവി സീരിയല്‍ വരുന്നു. ആരംഭ് എന്നാണ് സീരിയലിന് പേരിട്ടിരിക്കുന്നത്. സീരിയലിന് കഥ എഴുതുന്നത് ബാഹുബലിയുടെ കഥാകൃത്ത് വിജയേന്ദ്ര പ്രസാദാണ്. സീരിയലില്‍ ബാഹുബലിയെ അവതരിപ്പിക്കുന്നത് അനുഷ്‌ക ഷെട്ടി അല്ലെന്ന് മാത്രം. മലയാളി കൂടിയായ കാര്‍ത്തിക നായരാണ് ദേവസേനയായി മിനി സ്‌ക്രീനില്‍ വേഷമിടുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് കാര്‍ത്തിക നായര്‍ ട്വീറ്റ് ചെയ്യുകയും ചെയ്‌തു. സ്റ്റാര്‍ പ്ലസ് ചാനലിലാണ് ദേവസേനയുടെ ജീവിതകഥ പറയുന്ന ആരംഭ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്. ഇത് തന്റെ ഏക ടിവി സീരിയല്‍ ആയിരിക്കുമെന്ന് വിജയേന്ദ്ര പ്രസാദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ കാര്‍ത്തിക വേഷമിടുന്ന ആദ്യ സീരിയല്‍ എന്ന പ്രത്യേകതയും ആരംഭിനുണ്ട്. സിനിമയില്‍ പ്രഭാസ് അവതരിപ്പിച്ച അമരേന്ദ്ര ബാഹുബലി എന്ന കഥാപാത്രത്തെ സീരിയലില്‍ അവതരിപ്പിക്കുന്ന രജ്നീഷ് ദഗ്ഗല്‍ ആണ്. പക്ഷേ സീരിയലില്‍ ബാഹുബലി എന്ന കഥാപാത്രമില്ല. പകരം വരുണ്‍ ദേവ് എന്ന കഥാപാത്രമായാണ് രജ്നീഷ് ദഗ്ഗല്‍ വരുന്നത്.