ഇന്ത്യന്‍ റിലീസ് വൈകാതെ

ധനുഷിന്‍റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രത്തിന് റിലീസ് ചെയ്ത യൂറോപ്യന്‍ രാജ്യങ്ങളില്‍ മികച്ച പ്രതികരണം. കെന്‍ സ്കോട്ട് സംവിധാനം നിര്‍വ്വഹിച്ച ദി എക്‍സ്ട്രാഓര്‍ഡിനറി ജേണി ഓഫ് ദി ഫക്കീര്‍ എന്ന ചിത്രമാണ് ഇന്ത്യന്‍ റിലീസിന് മുന്‍പ് വിദേശത്ത് പ്രീതി നേടുന്നത്. കഴിഞ്ഞ വര്‍ഷത്തെ കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്‍റെ ഫ്രാന്‍സിലെ തീയേറ്റര്‍ റിലീസ് മെയ് 30നായിരുന്നു. റഷ്യയില്‍ ജൂണ്‍ 14നും പ്രദര്‍ശനമാരംഭിച്ചു. മികച്ച നിരൂപകശ്രദ്ധ ലഭിച്ച ചിത്രം ഫ്രാന്‍സിലും പോര്‍ച്ചുഗലിലും നിന്നായി ഇതിനകം നേടിയത് 6.50 കോടിയാണ്.

Scroll to load tweet…

ഇന്ത്യയില്‍ വൈകാതെ റിലീസ് പ്രതീക്ഷിക്കപ്പെടുന്ന ചിത്രത്തില്‍ അജതശത്രു റാത്തോഡ് എന്ന കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. മുംബൈയിലെ ചേരിനിവാസിയായ അയാളുടെ, സമുദ്രമാര്‍ഗ്ഗമുള്ള അപ്രതീക്ഷിത യൂറോപ്യന്‍ യാത്രയെക്കുറിച്ചാണ് ചിത്രം. ഒരു തെരുവ് മാന്ത്രികനാണ് ധനുഷിന്‍റെ കഥാപാത്രം. റൊമെയ്‍ന്‍ പ്യൂര്‍ട്ടോലാസ് എഴുതിയ സമാന പേരുള്ള നോവലിനെ ആസ്പദമാക്കിയാണ് സിനിമ.

ഇന്ത്യ, ഫ്രാന്‍സ്, ഇറ്റലി, ലിബിയ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമയുടെ സംഗീതം നിക്കോളാസ് എരേര. ചിത്രത്തിന്‍റെ ഇന്ത്യന്‍ റിലീസ് വൈകുന്നതിലുള്ള അസന്തുഷ്ടി ധനുഷ് നേരത്തേ പ്രകടിപ്പിച്ചിരുന്നു.