ജയിലിലെ ചെലവിനായി ദിലീപിന് 200 രൂപയുടെ മണിയോഡർ എത്തി. ഫോൺ ചെയ്യാൻ കൈയ്യിൽ കാശില്ലെന്ന് ദിലീപ് അറിയിച്ചതിനെത്തുടർന്ന് സഹോദരനാണ് മണിയോഡറായി പണം അയച്ചത്. എന്നാൽ കസ്റ്റഡി കാലാവധിക്കുശേഷം ജയിലിലെത്തി രണ്ടാംദിവസവും ദിലീപ് പകൽമുഴുവൻ ഉറക്കത്തിലാണ്.

റിമാൻഡ് പ്രതിയായ ദിലീപിന് ജയിലിൽ ജോലിയില്ല. അതിനാൽ വരുമാനവുമില്ല. കഴിഞ്ഞ രണ്ട് ദിവസമായി ആലുവ സബ്ജയിലിൽ കഴിയുന്ന ദിലീപിന് കാശില്ലാത്തതിനാൽ ബന്ധുക്കളെ ഫോൺ ചെയ്യാനായിരുന്നില്ല. സഹതടവുകാർ വാങ്ങി നൽകിയ കൊതുക് തിരിയുപയോഗിച്ചായിരുന്നു ഉറക്കം. സഹോദരൻ അനൂപ് ജയിലിൽ ദിലീപിനെ കാണാനെത്തിയപ്പോഴാണ് പണം വേണമെന്നാവശ്യപ്പെട്ടത്. തുടർന്ന് ജയിൽ അധികൃതർ തുക മണിയോഡറായി അയക്കാൻ ആവശ്യപ്പെട്ടു.. 200 രൂപയുടെ മണിയോഡർ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ജയിൽ അധികൃതർ പറയുന്നു. ഈ തുക പക്ഷേ ദിലീപിന് നേരിട്ട് കൈമാറില്ല. പകരം ഫോൺ വിളി അടക്കമുള്ള ആവശ്യങ്ങൾ നടത്തിയാൽ അത് അക്കൗണ്ടിൽ കുറയ്ക്കുകയാണ് പതിവ്. റിമാൻഡ് കാലാവിധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ബാക്കി തുക തടവുകാരന് തിരിച്ചുനിൽകും. 200 രൂപ മണിയോഡർ ലഭിച്ചിട്ടുണ്ടെങ്കിലും തുക ഒരുമിച്ച് ചെലവഴിക്കാനാകില്ല. ആഴ്ചയിൽ അ‌ഞ്ച് രൂപയ്ക്ക് മാത്രമാണ് കോയിൻ ബൂത്തിൽ നിന്ന് ഫോൺ വിളിക്കാൻ അനുവാദം. അതായത് ഒരാഴ്ച പരമാവധി പതിനഞ്ച് മിനുട്ട് മാത്രം. ജയിലിനകത്തെ കാന്‍റീനിൽ നിന്ന് കൊതുക് തിരി , പേസ്റ്റ്, ബ്രഷ്, ബിസ്കറ്റ് അടക്കമുള്ളവ വാങ്ങാനും ഈ തുക ഉപയോഗിക്കാം .വരുന്ന വ്യാഴ്ചയാണ് ദിലീപിന്‍റെ ജാമ്യാപേക്ഷ ഇനി പരിഗണിക്കുക. എന്നാൽ സെല്ലിനുളളിനുളള മറ്റ് അഞ്ച് സഹതടവുകാരോട് ദിലീപിന് കാര്യമായ മിണ്ടാട്ടമില്ല. ഭക്ഷണം വരുന്പോൾ സെല്ലിൽ നിന്ന് പുറത്തിറങ്ങി വാങ്ങി കഴിച്ചശേഷം വീണ്ടും കയറിക്കിടന്ന് ഉറങ്ങും.