കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ജയിലിലായതോടെ പ്രതിസന്ധിയിലായ ചിത്രമാണ് രാമലീല. ആദ്യം ജൂലൈ ഏഴിന് നിശ്ചയിച്ചിരുന്ന റിലീസ് സെപ്റ്റംബര്‍ അവസാനം വരെ നീണ്ടത് ദിലീപിന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ വിവാദങ്ങളും കാരണമാണ്. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമെന്ന നിലയ്ക്ക് ദിലീപ് ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് രാമലീലയെ കാത്തിരുന്നത്. എന്നാല്‍ വിവാദങ്ങള്‍ ചിത്രത്തിന്റെ വിധി മാറ്റിമറിച്ചു. ഒടുവില്‍ രണ്ടുംകല്‍പ്പിച്ച് സെപ്റ്റംബര്‍ 28ന് ചിത്രം റിലീസ് ചെയ്യാന്‍ നിര്‍മ്മാതാവ് തീരുമാനിക്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ ജനവികാരം ചിത്രത്തിന് തീയറ്ററില്‍ തിരിച്ചടിയാകുമോ എന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ ചിത്രത്തിന് പരമാവധി പ്രചാരണമാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നത്. ഇതിനകം നിരവധി പോസ്റ്ററുകളും പ്രമോഷന്‍ വീഡിയോകളും ചിത്രത്തിന്‍റതായി പുറത്ത് വന്നു കഴിഞ്ഞു.
ദിലീപ് എന്ന താരം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ ഓര്‍മ്മപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ ടീസറുകളും പോസ്റ്ററുകളും. നടിയെ ആക്രമിച്ച കേസ് ഓര്‍മ്മിപ്പിച്ചുകൊണ്ട് പ്രതി ഞാനാവണമെന്ന് തീരുമാനമുള്ളത് പോലെ എന്ന ഡയലോഗ് ഉള്ള ടീസര്‍ വീഡിയോയാണ് ആദ്യം പുറത്ത് വന്നത്. ഇതിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ എത്തിയ പോസ്റ്ററുകളും വന്‍ പ്രചാരമാണ് ലഭിച്ചത്. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന പോസ്റ്ററും ഇത്തരത്തില്‍ ശ്രദ്ധേയമാകുകയാണ്. നായകന്‍ ദിലീപ് ബലികര്‍മ്മം ചെയ്യുന്നതിന്റെ ചിത്രമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന പോസ്റ്ററിലുള്ളത്.
രണ്ടാഴ്ച മുന്‍പ് ദിലീപ് അച്ഛന് ശ്രാദ്ധമിടാന്‍ വീട്ടില്‍ എത്തിയിരുന്നു. ദിലീപ് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ മുന്‍കൂട്ടി പ്രവചിച്ചത് പോലെയാണ് ചിത്രത്തിന്റെ ഓരോ ടീസറും പോസ്റ്ററുകളും പുറത്തിറക്കിയിരിക്കുന്നത്.
എന്നാല്‍ ഈ സാദൃശ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. രാമലീലയിലെ രാമനുണ്ണിയെന്ന വ്യക്തി സാങ്കൽപ്പിക കഥാപാത്രമാണ്. രാമനുണ്ണിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ചിലകാര്യങ്ങൾക്ക് ദിലീപേട്ടന്‍റെ ജീവിതവുമായി പൂർണ്ണമായി ബന്ധമില്ല എന്ന് പറയാനാകില്ല. ഉണ്ടോ എന്ന ചോദിച്ചാൽ ഉണ്ടെന്നും പറയാൻ പറ്റില്ല. എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിലത് തികച്ചും യാദൃശ്ചികമാണ്. തിരക്കഥാകൃത്തിന്‍റെ ഭാവനയിലാണ് രാമനുണ്ണിയുടെ കഥ ജനിക്കുന്നത്, ദിലീപേട്ടന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിക്കുന്നതും ആരുടെയെങ്കിലും തിരക്കഥയാണോയെന്ന് അറിയില്ല. എല്ലാം ഒരു തിരക്കഥയാണല്ലോ? - ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംവിധായകന്‍ പറഞ്ഞു.
