കൊച്ചി: ദിലീപ് നായകനായെത്തുന്ന സിനിമ കമ്മാരസംഭവത്തിന്‍റ പുതിയ പോസ്റ്റര്‍ വൈറലാകുന്നു. തൊണ്ണൂറ്റിയാറു വയസ്സുകാരനായെത്തുന്ന ദിലീപിന്‍റെ പോസ്റ്ററാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ടാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.

ദിലീപിനെ കമ്മാരനാക്കാന്‍ ദിവസവും അഞ്ച് മണിക്കൂറാണു മേക്കപ്പ്. എന്‍.ജി. റോഷന്റെ നേതൃത്വത്തിലുള്ള പ്രോസ്തറ്റിക് മേക്കപ് സംഘമാണ് ഈ രൂപ മാറ്റത്തിനു പിന്നില്‍. രാവിലെ എട്ടിന് ഷൂട്ടിംഗ് ആരംഭിക്കണമെങ്കില്‍ പുലര്‍ച്ചെ മൂന്നിനു മേക്കപ് തുടങ്ങണം. അഞ്ചു മണിക്കൂര്‍ മാത്രമേ ഈ മേക്കപ്പ് നിലനില്‍ക്കുകയുള്ളൂവെന്നതിനാല്‍ അത്രയും സമയം മാത്രമേ ഷൂട്ട് ചെയ്യാനാവൂ.

ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിങ്ങാണ് ഇപ്പോള്‍ നടക്കുന്നത്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരണം. രണ്ടാം ലോകമഹായുദ്ധ കാലത്ത് ആരംഭിച്ച്, കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സോഷ്യല്‍ സറ്റയറാണ് ഈ സിനിമ എന്ന് സംവിധായകന്‍ രതീഷ് അമ്പാട്ട് പറയുന്നു. ഒരാഴ്ചക്കകം ചിത്രീകരണം പൂര്‍ത്തിയാവും. മുരളി ഗോപി, സിദ്ധാര്‍ഥ്, ബോബി സിന്‍ഹ, ശ്വേത മേനോന്‍, നമിത പ്രമോദ് തുടങ്ങിയവരാണു മറ്റ് അഭിനേതാക്കള്‍.