കൊച്ചി: കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ ഇന്നലെയാണ് നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ദിലീപിന് ജാമ്യം ലഭിക്കാതായതോടെ രാമലീല അടക്കം നിരവധി ചിത്രങ്ങളുടെ കാര്യം പ്രതിസന്ധിയിലാകും. രാമലീലയുടെ ട്രെയ്‌ലര്‍ വരെ റിലീസ് ചെയ്ത സാഹചര്യത്തിലായിരുന്നു അറസ്റ്റ്. പ്രഫസര്‍ ഡിങ്കന്‍, കുമാരസംഭവം തുടങ്ങിയ ചിത്രങ്ങളും പ്രതിസന്ധിയിലാകും.
ദിലീപിന് ജാമ്യം ലഭിച്ചാല്‍ ഈ ചിത്രങ്ങളുടെ ചിത്രീകരണം തുടങ്ങാം എന്നായിരുന്നു നിര്‍മ്മാതാക്കള്‍ക്കിടയിലെ ധാരണ. ഇതിനായുള്ള ഒരുക്കങ്ങളും നടക്കുകയായിരുന്നു. എന്നാല്‍ ദിലീപിന് പുറത്തിറങ്ങാന്‍ കഴിയാതെ വന്നതോടെ എല്ലാ പ്ലാനും പെരുവഴിയിലായ അവസ്ഥയാണ്. അതേ സമയം തുടക്കത്തില്‍ തന്നെ കോടികള്‍ മറിഞ്ഞ ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് പകരം പുതിയ താരങ്ങളെ ദിലീപിന്‍റെ സ്ഥാനത്തേയ്‍ക്ക് പരിഗണിക്കാന്‍ ഒരുങ്ങുകയാണ് ചലച്ചിത്ര ലോകം എന്നാണ് റിപ്പോര്‍ട്ട്
ദിലീപിനെ നായകനാക്കി നിശ്ചയിച്ച ചിത്രങ്ങളിലേയ്ക്ക് രണ്ട് പ്രമുഖനടന്മാരുടെ പേരുകളാണ് ഇപ്പോള്‍ സജീവ പരിഗണനയിലുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിന് മുന്‍പ് തന്നെ കുടുംബ സദസുകളില്‍ സാന്നിധ്യമായ ഒരു നടനും, മിമിക്രിയിലൂടെ എത്തി ഇപ്പോള്‍ മലയാളത്തിലെ മുന്‍നിരയില്‍ ഇടംപിടിച്ച യുവനടനുമാണ് പരിഗണയില്‍ ഉള്ളത്. യുവനടന്‍ നിര്‍മ്മാതാവ് കൂടിയാണ്.
ഇനി ദിലീപിന് ജാമ്യം കിട്ടിയാലും നിലവില്‍ നടന്‍റെ മാറിയ മാര്‍ക്കറ്റിനെ കുറിച്ച് പഠിച്ച ശേഷമായിരിക്കും പ്രോജക്ടുകള്‍ മുന്നോട്ടുപോകൂ എന്നാണ് വിവരം. വിദേശത്തുള്ള ഇതില്‍ ഒരു നടനെ ഒരു പടത്തിന്‍റെ നിര്‍മ്മാതാക്കള്‍ സമീപിച്ചു എന്നാണ് റിപ്പോര്‍ട്ട്. പക്ഷെ ഏറ്റെടുത്ത ചിത്രങ്ങളുടെ തിരക്കിലായ യുവതാരത്തെ സമീപിക്കാനുള്ള ആലോചനകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് ചലച്ചിത്ര ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ട്.
