കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ പുനര്‍വിവാഹത്തിന് ശേഷമുള്ള ദിലീപിന്‍റെ ആദ്യം ഓണം അഴിക്കുള്ളിലാകും. കഴിഞ്ഞ നവംബറില്‍ സിനിമാലോകത്തേയും ആരാധകരേയും ഞെട്ടിച്ച് ദിലീപ് കാവ്യയെ വിവാഹം കഴിച്ചതിന് ശേഷമുള്ള ആദ്യ ഓണമാണ് വരുന്നത്. ആദ്യ ഓണം കാവ്യയ്ക്കും മകള്‍ക്കുമൊപ്പം ആഘോഷിക്കാന്‍ പറ്റുമോ എന്നത് ഹൈക്കോടതി വിധിയെ ആശ്രയിച്ചിരിക്കും.

ഓഗസ്റ്റ് 22നാണ് ദിലീപ് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ നീണ്ടു പോയതോടെയാണ് കേസില്‍ വിധി പ്രസ്താവിക്കുന്നതും ഓരാഴ്ചയോളം നീണ്ടു പോയത്. തനിക്കെതിരെ പോലീസ് കെട്ടിച്ചമച്ച കേസാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപിന്റെ വാദം. എന്നാല്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ദിലീപ് ജാമ്യം നേടുന്നത് തടയാനാണ് പ്രോസിക്യൂഷന്റെ ശ്രമം. 

ജാമ്യം തടയുന്നതിന് ദിലീപിനെതിരായ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. എന്തെക്കൊ കൂടുതല്‍ തെളിവുകളാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. അതിനിടെ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അമ്മ സരോജം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ദിലീപ് നിരപരാധിയാണെന്നും ഉദ്യോഗസ്ഥരുടെ മുന്‍ വിധിയുടേയും നിക്ഷിപ്ത താല്‍പ്പര്യങ്ങളുടേയും ഇരയാണ് ദിലീപ് എന്നും അമ്മ ആരോപിച്ചിരുന്നു