കൊച്ചി: നടിക്കെതിരായ ആക്രമണത്തിന്‍റെ പേരില്‍ പോലീസ് ചോദ്യം ചെയ്തു എന്ന് പറയുന്ന സിനിമ നടന്‍ താനല്ലെന്ന് ദിലീപ്. ഓണ്‍ലൈന്‍ മാധ്യമമായ സൗത്ത് ലൈവിനോടാണ് ദിലീപ് ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തിയത്. നടിയെ തട്ടികൊണ്ടു പോകല്‍ കേസില്‍ പോലീസ് ആലുവയിലെത്തി ഒരു നടനെ ചോദ്യം ചെയ്തെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് അറിയില്ല, ആരാണ് നടനെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ വെളിപ്പെടുത്തൂ, അല്ലെങ്കില്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിക്കട്ടെ. എങ്ങനെയാണ് ഇത്തരം അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതെന്ന് അറിയില്ല. നിങ്ങള്‍ ആദ്യം പോലീസിനോട് ഇക്കാര്യം ചോദിച്ച് സ്ഥിരീകരിക്കൂ. ആലുവയിലെ വീട്ടിലെത്തി ഒരു പ്രമുഖ നടനെ ചോദ്യം ചെയ്‌തെന്നാണ് പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നത്. ആ മാധ്യമങ്ങള്‍ തന്നെ ആ നടന്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ തയ്യാറാകണം. ഈ നടന്‍ ആരാണെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ തന്നെ കണ്ടുപിടിക്കൂ. 

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തന്‍റെ പേര് വലിച്ചിഴക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്, എന്നെ തേജോവധം ചെയ്യാന്‍ കരുതിക്കൂട്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ് .മനസാ വാചാ അറിയാത്ത കാര്യങ്ങളാണ് എനിക്കെതിരെ പലരും ആരോപിക്കുന്നത്, ഏതായാലും ദൈവം എന്ന ഒരാള്‍ ഉണ്ടല്ലോ, സത്യാവസ്ഥ പുറത്തുവരട്ടെ - ദിലീപ് ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.