സിനിമയ്‍ക്കുള്ളിലെ സിനിമയുടെ കഥയുമായെത്തുന്ന 'ഷിബു'വിന്റെ ടീസർ പുറത്ത്. ജനപ്രിയ നായകൻ ദിലീപ് ആണ് ചിത്രത്തിന്  ആശംസകള്‍ നേര്‍ന്നുകൊണ്ട് വീഡിയോ പങ്കുവച്ചത്. ഷിബുവിന്റെ സിനിമാമോഹവും ഡോക്ടറായ കല്യാണിയോടുള്ള പ്രണയവുമാണ് ടീസറിന്റെ ഇതിവൃത്തം.

 

നാട്ടിൻപുറത്തിന്റെ കഥ പറയുന്ന സത്യൻ അന്തിക്കാട് സിനിമകളുടെയും ലാല്‍ ജോസ് സിനിമകളുടെയുമൊക്കെ ആരാധകനായ നായകൻ സിനിമ പഠിക്കാൻ പോകുന്നതും അതിനിടയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും ആണ് ഷിബുവിന്റെ പ്രമേയം. ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖമായ കാര്‍ത്തിക് രാമകൃഷ്‍ണനാണ്. ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യന്‍  ആണ് നായിക.

 

32ാം അദ്ധ്യായം 23ാം വാക്യം എന്ന ചിത്രമൊരുക്കിയ അര്‍ജുനും ഗോകുലും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സലിംകുമാര്‍, ബിജു കുട്ടൻ, അല്‍താഫ് സലിം, ഹരിത നായര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഹാപ്പി വെഡ്ഡിംഗ് എന്ന സര്‍പ്രൈസ് ഹിറ്റിന് തിരക്കഥ ഒരുക്കിയ പ്രണീഷ് വിജയനാണ് ഷിബുവിന്റെയും രചന. ഗായകൻ സച്ചിൻ വാര്യരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. സജിത് പുരുഷൻ ആണ് ഛായാഗ്രാഹകൻ. നിര്‍മ്മാണം കാര്‍ഗൊ സിനിമാസ്.