മുംബൈ: ബോളിവുഡ് ചിത്രം ഉഡ്ത പഞ്ചാബ് സെന്‍സര്‍ കേസില്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അനുകൂലമായി വിധി. 89 രംഗങ്ങള്‍ ഒഴിവാക്കണമെന്ന സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം ബോംബെ ഹൈക്കോടതി തള്ളി. ചിത്രത്തിലെ ഒരു രംഗം മാത്രം ഒഴിവാക്കിയാല്‍ മതിയെന്നും കോടതി വിധിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കാനും സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. 

ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേല്‍ കത്തിവയ്ക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് അവകാശമില്ലെന്ന് കോടതി പരാമര്‍ശിച്ചു. 2017ല്‍ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയല്ല അണിയറപ്രവര്‍ത്തകര്‍ ഉഡ്ത പഞ്ചാബ് സിനിമയെടുത്തതെന്നും കോടതി അഭിപ്രായപ്പെട്ടു.