പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്‍റെ ഡ്രീം പ്രോജക്ട് 'മരയ്ക്കാര്‍: അറബിക്കടലിന്‍റെ സിംഹ'ത്തില്‍ പൃഥ്വിരാജ് ചിത്രം വിമാനത്തില്‍ നായികയായ ദുര്‍ഗ്ഗ കൃഷ്ണ അഭിനയിക്കും. എന്നാല്‍ ദുര്‍ഗ്ഗയുടെ കഥാപാത്രങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്‍റെ ചെറുപ്പകാലം പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുമെന്ന പ്രഖ്യാപനം നേരത്തേ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

വിമാനത്തില്‍ ദുര്‍ഗ്ഗ

മധു, മമ്മൂട്ടി, നാഗാര്‍ജുന എന്നിവരൊക്കെ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കൂടാതെ ചൈനീസ്, അറേബ്യന്‍ അഭിനേതാക്കളും ബോളിവുഡില്‍ നിന്നുള്ള ചിലരും പ്രോജക്ടിന്‍റെ ഭാഗമാവും. നവംബർ ഒന്നിന് ചിത്രീകരണം ആരംഭിക്കും.  ചിത്രത്തിന്‍റെ രചനയും പ്രിയദര്‍ശന്‍റേതാണ്. അതേസമയം, കെ.വി.ആനന്ദിന്‍റെ തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഇപ്പോള്‍ ലണ്ടനിലാണ്. സൂര്യയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

നവാഗതനായ പ്രദീപ് എം നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വിമാനം. പൃഥ്വിരാജിന്‍റെ നായികയായെത്തിയ ദുര്‍ഗ്ഗയുടെ സിനിമാ അരങ്ങേറ്റമായിരുന്നു ചിത്രം.